വീടുണ്ടാക്കിയവരെ ചവിട്ടിപ്പുറത്താക്കുന്ന അവസ്ഥ; മുരളീ മനോഹര്‍ ജോഷിയെ തഴഞ്ഞ ബി.ജെ.പിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍
national news
വീടുണ്ടാക്കിയവരെ ചവിട്ടിപ്പുറത്താക്കുന്ന അവസ്ഥ; മുരളീ മനോഹര്‍ ജോഷിയെ തഴഞ്ഞ ബി.ജെ.പിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2019, 2:50 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളീ മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച ബി.ജെ.പി നിലപാടിനെ വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഷ്ടപ്പെട്ട് ഒരു വീട് ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറയുന്ന അവസ്ഥയാണ് മുരളീ മനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ ഇപ്പോള്‍ നേരിടുന്നതെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

എല്‍.കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷേയേയും പോലുള്ളവരെ അപമാനിക്കുകയായിരുന്നു മോദിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മോദിയുടെ ഈ നിലപാട് ഹിന്ദു സംസ്‌ക്കാരത്തിന് എതിരാണെന്നും മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ പറയുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

“” അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും തഴഞ്ഞ മോദിയുടെ നിലപാട് ഹൈന്ദവ സംസ്‌ക്കാരത്തിന് എതിരാണ്. മുതിര്‍ന്നവരെ അപമാനിക്കരുതെന്നാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ പറയുന്നത്. എന്നാല്‍ മോദി എന്താണ് ചെയ്തത്.


“കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ലല്ലോ ബാക്ക് അല്ലേ പ്രിയം”: പീതാംബരക്കുറുപ്പിന് മറുപടിയുമായി എം.എം മണി


മുതിര്‍ന്നവര്‍ ഒരു വീട് നിര്‍മിച്ചെടുക്കും. ഒടുവില്‍ വീട്ടിലെ പ്രായം കുറഞ്ഞവര്‍ അവരെ ആ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കും. സ്വന്തക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ അവരെ ആരാണ് സംരക്ഷിക്കുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

മുരളി മനോഹര്‍ ജോഷിയേയും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മത്സരരംഗത്തുനിന്നും തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബി.ജെ.പി ഒഴിവാക്കിയിരുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചിട്ടുണ്ടെന്ന് മുരളീ മനോഹര്‍ ജോഷി പറഞ്ഞിരുന്നു.

പാര്‍ട്ടി തങ്ങളെ തഴഞ്ഞ രീതിയില്‍ മുരളി മനോഹര്‍ ജോഷിക്കും എല്‍.കെ അദ്വാനിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് പറഞ്ഞത്. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്കു പുറമേ എല്‍.കെ അദ്വാനി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.

പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയര്‍മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ “രാജന്‍ ലിസ്റ്റ്” (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.