കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത ഒരു സമ്മാനമാണ് പ്രധാനമന്ത്രി നിര്‍ബന്ധിച്ച് നല്‍കാന്‍ ശ്രമിക്കുന്നത്, പൊതി മാറ്റി നല്‍കിയാലും വാങ്ങില്ല; യോഗേന്ദ്ര യാദവ്
farmers protest
കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത ഒരു സമ്മാനമാണ് പ്രധാനമന്ത്രി നിര്‍ബന്ധിച്ച് നല്‍കാന്‍ ശ്രമിക്കുന്നത്, പൊതി മാറ്റി നല്‍കിയാലും വാങ്ങില്ല; യോഗേന്ദ്ര യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 7:15 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ റാലിയില്‍ പങ്കുചേര്‍ന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ്.

കര്‍ഷകരുമായി കേന്ദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ധാരണ വളരെ വിചിത്രമായ ഒന്നാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത ഒരു സമ്മാനം നിര്‍ബന്ധിച്ച് നല്‍കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ചരിത്രപരമായ സമ്മാനമാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

” അപ്പോള്‍ പ്രധാനമന്ത്രി പറയുന്നു, ‘സമ്മാനത്തിന്റെ പൊതി ഞങ്ങള്‍ മാറ്റുമെന്ന്, എന്നാല്‍ കര്‍ഷകര്‍ ഇപ്പോഴും അത് വേണ്ടെന്ന് പറയുന്നു. കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുകയും നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്യേണ്ടതുണ്ട്,’ യാദവ് പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ഗുര്‍ജീത് ഓജ്ല, ജസ്ബീര്‍ ഗില്‍ എന്നിവര്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ ജന്തര്‍ മന്തറിലെത്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

കര്‍ഷക യൂണിയനുകളുമായി സംസാരിച്ച് പ്രശ്നപരിഹാരം കാണണമെന്നും നവംബര്‍ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം നടത്തണമെന്നുമാണ് ധര്‍ണയില്‍ ഇരിക്കുന്ന തന്റെ സുഹൃത്തുക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് തരൂര്‍ പറഞ്ഞു.

അതേസമയം, കര്‍ഷക സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PM Forcing A Gift That Farmers Don’t Want”: Yogendra Yadav On Farm Laws