തിരുവനന്തപുരം: 2020-21 അധ്യയനവര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടി.
ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
അതേസമയം, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷിക്കാം.
പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ പ്ലസ് വണ്‍ കോഴ്‌സിന് 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധനക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വര്‍ധിക്കുക.