ക്രിക്കറ്റ് ആരാധകര്‍ക്കുള്ള വിഭവസമൃദ്ധമായ വിരുന്ന് തന്നെയാണ് ഐ.പി.എല്‍. എരിവും പുളിയും മധുരവും ഇടയ്ക്ക് നല്ല ചവര്‍പ്പും നിറഞ്ഞ ഫുള്‍ ലെംഗ്ത് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ഐ.പി.എല്‍ കാലം.
കളിക്കിടയില്‍ മധുരമൂറുന്ന പല നല്ല നിമിഷങ്ങളെയും പോലെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും റൈവല്‍റികള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. അത്തരത്തിലുള്ള വീറും വാശിയും നിറഞ്ഞ നിമിഷങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയാവാറുമുണ്ട്.
ചില സമയങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ക്രിക്കറ്റിനകത്തും പുറത്തുമുള്ള വ്യക്തിപരമായ ബന്ധങ്ങളേയും ഇത് ബാധിക്കാറുണ്ട്. കളിക്കാര്‍ തമ്മില്‍ നല്ല ഫ്രണ്ട്ഷിപ്പോ മറ്റോ വേണമെന്ന് ആരും തന്നെ നിര്‍ബന്ധം പിടിക്കാറില്ല. എന്നാല്‍ നേര്‍ക്കുനേര്‍ കണ്ടാല്‍ കൊമ്പുകോര്‍ക്കാന്‍ നടക്കുന്നവര്‍ ഒരേ ടീമിലായാലുള്ള അവസ്ഥയെന്താവും? അത് എത്രത്തോളം ടീം സ്പിരിറ്റിനെ ബാധിക്കും?
ഐ.പി.എല്ലിന്റെ ഈ സീസണില്‍ തന്നെ ഇത്തരത്തിലുള്ള ഉദാഹരണങ്ങളുണ്ട്.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലാണ് ഇത്തരത്തിലുള്ള രണ്ട് താരങ്ങള്‍ ഒരേ ജേഴ്‌സിയില്‍ കളിക്കുന്നത്. ഇന്ത്യന്‍ താരം ആര്‍. അശ്വിനും ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറുമാണ് ആ രണ്ട് പേര്‍. 2019 ഐ.പി.എല്‍ മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയത്.
അന്ന് പഞ്ചാബിന്റെ താരമായിരുന്ന അശ്വിന്‍ മങ്കാദിംഗ് വഴി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബട്‌ലറെ പുറത്താക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. എന്നാല്‍ 2022 മെഗാ താരലേലത്തില്‍ അശ്വിനെ രാജസ്ഥാന്‍ സ്വന്തമാക്കിയതോടെ ഇരുവരും ഒരേ ടീമില്‍ തന്നെ സന്തോഷമായി കളി തുടരുകയാണ്.
ഐ.പി.എല്ലിലെ പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലാണ് ഇത്തരത്തിലെ രണ്ട് ശത്രുക്കള്‍ ഒന്നായത്. 2021ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആരംഭിച്ച ക്രുണാല്‍ പാണ്ഡ്യയുടെയും ദീപക് ഹൂഡയുടെയും റൈവല്‍റി ആഭ്യന്തര ക്രിക്കറ്റിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു.
ഇരുവരും ബറോഡയ്ക്ക് വേണ്ടി കളിക്കുന്ന സമയത്ത് ക്രുണാല്‍ മറ്റ് ടീം അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിച്ചെന്നായിരുന്നു ദീപക് ഹൂഡ പറഞ്ഞത്. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള മൂര്‍ച്ചയേറിയ റൈവല്‍റിക്കും പിന്നീട് ഹൂഡ ടീമില്‍ നിന്നും പുറത്തുപോകുന്ന സാഹചര്യം വരെ ഇത് കാരണമായി. ഇപ്പോള്‍ വൈരമെല്ലാം മറന്ന് ഇരുവരും ടീം സ്പിരിറ്റോടെയാണ് ലഖ്‌നൗവില്‍ കളിക്കുന്നത്.
2011ലല്‍ ആന്‍ഡ്രു സൈമണ്ട്‌സും ഹര്‍ഭജനും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ആരാധകര്‍ ഒന്ന് അമ്പരന്നത്. 2008ലെ സിഡ്‌നി ടെസ്റ്റിനിടെ ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത പ്രശനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു.
എന്നാല്‍ മുംബൈയിലെത്തിയതോടെ പഴയ പിണക്കം മാറ്റിവെച്ച് ഇരുവരും ഒന്നായി കളിക്കുകയായിരുന്നു.
Content Highlight: Players who didn’t share a good relation off the ground but ended up playing for the same franchise in IPL