ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ആഴ്സണൽ കഴിഞ്ഞാൽ ഏറ്റവും ശക്തമായ ടീമാണ് മാഞ്ചസ്റ്റർ സിറ്റി.
ലോകത്തിലെ തന്നെ ഇപ്പോഴുള്ളതിൽ വെച്ച് ‘ഏറ്റവും മികച്ച പരിശീലകൻ’ എന്നറിയപ്പെടുന്ന പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ ഹാലണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ജൂലിയൻ അൽവാരസ്, ബെർണാണ്ടോ സിൽവ, ഗുണ്ടോഗൻ, മുതലായ ലോകോത്തര താരങ്ങൾ അടങ്ങുന്ന സ്‌ക്വാഡ് ഡെപ്ത്തിലും, പ്രതിഭകളുടെ ധാരാളിത്തത്തിലും ഏത് വമ്പൻ ടീമിനെയും വിറപ്പിക്കുന്ന സിറ്റിക്ക് വൻ തിരിച്ചടിയാണ് ഇ.എഫ്.എൽ (ലീഗ് കപ്പ്) കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നേരിട്ടത്.
പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരും ഇത് വരെ 18 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം മാത്രം നേടാൻ സാധിച്ച ടീമുമായ സതാംപ്ടണിനോടാണ് എതിരില്ലാത്ത രണ്ട് ഗോളിന് സിറ്റിക്ക് തോൽവി വഴങ്ങേണ്ടി വന്നത്. ഇതോടെ ടൂർണമെന്റിൽ നിന്നും സിറ്റി പുറത്തായി.
ലിവർപൂൾ, ചെൽസി തുടങ്ങിയ വമ്പൻ ടീമുകളെ ടൂർണമെന്റിൽ നിന്നും പുറത്താക്കി ജൈത്രയാത്ര തുടർന്ന സിറ്റിക്കാണ് ഒടുവിൽ കുഞ്ഞൻ ടീമായ സതാംപ്ടണിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങേണ്ടി വന്നത്.
സിക്കൂ മരാ, മൂസ ജെൻപോ എന്നീ താരങ്ങളാണ് സതാംപ്ടണിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന ആദ്യത്തെ നാല് ഡിവിഷനിലെ 92 ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റാണ് ഇ.എഫ്.എൽ കപ്പ്. പരാജയപ്പെടുന്ന ടീമുകൾ പുറത്താകുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഘടന.
നിലവിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾ മാത്രമാണ് ടൂർണമെന്റിൽ സെമി ഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്.
ജനുവരി 24ന് നടക്കുന്ന ആദ്യ സെമിയുടെ ആദ്യ പാദത്തിൽ ന്യൂകാസിൽ യുണൈറ്റഡ്, സതാംപ്ടണിനെ നേരിടും. അന്നേ ദിവസം നടക്കുന്ന രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, നോട്ടിങ്‌ഹാം ഫോറസ്റ്റിനെയാണ് നേരിടുക.
അതേസമയം പ്രീമിയർ ലീഗിൽ അടുത്തതായി പ്രസിദ്ധമായ മാഞ്ചസ്റ്റർ ഡാർബിയാണ് സിറ്റിയെ കാത്തിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്-മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടമാണ് മാഞ്ചസ്റ്റർ ഡാർബി എന്ന പേരിലറിയപ്പെടുന്നത്.
Content Highlights:Played by Haaland, Kevin De Bruyne and Julian Alvarez; Still, City lost to small team