ഐ.പി.എല്‍ 2024ലെ 64ാം മത്സത്തിനാണ് ദല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം വേദിയാകുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. സീസണില്‍ ക്യാപ്പിറ്റല്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണിത്.
മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന്‍ കെ.എല്‍. രാഹുല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
Qila 𝐊ot𝐋a mein 𝐊𝐋 hai 😉
Good to see you in Delhi ❤️ pic.twitter.com/iAvdffTYvU
— Delhi Capitals (@DelhiCapitals) May 14, 2024
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്. ഈ മത്സരഫലത്തിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുത്താകും ഏത് ടീം പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നതില്‍ ധാരണയാവുക.
ലഖ്നൗവിന് മറ്റൊരു മത്സരം കൂടി ബാക്കിയുണ്ട്.
ലഖ്നൗവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യാത്ര ഇതോടെ അവസാനിക്കും. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് ശേഷം പുറത്താകുന്ന നാലാമത് ടീമായാണ് ക്യാപ്പിറ്റല്‍സ് മാറുക.
അതേസമയം, ലഖ്നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ദല്‍ഹിയുടെ നേരിയ പ്രതീക്ഷകള്‍ കെടാതെ കാക്കപ്പെടും.
ദല്‍ഹി സൂപ്പര്‍ താരം അക്‌സര്‍ പട്ടേലിനെ സംബന്ധിച്ച് ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമാണ്. തന്റെ ഐ.പി.എല്‍ കരിയറിലെ 150ാം മത്സരത്തിനാണ് ക്യാപ്പിറ്റല്‍സ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കളത്തിലിറങ്ങുന്നത്. അതും വിജയം മാത്രം ലക്ഷ്യം വെക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും.
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് പുറമെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും താരമായിരുന്നു അക്‌സര്‍.
ഐ.പി.എല്‍ കരിയറില്‍ ഇതുവരെ കളിത്തിലിറങ്ങിയ 149 മത്സരത്തില്‍ 21.29 ശരാശരിയിലും 130.81 സ്‌ട്രൈക്ക് റേറ്റിലും 1639 റണ്‍സാണ് അക്‌സര്‍ സ്വന്തമാക്കിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് ഐ.പി.എല്‍ കരിയറില്‍ താരത്തിന്റെ പേരിലുള്ളത്.
ഐ.പി.എല്ലില്‍ 122 വിക്കറ്റുകളാണ് അക്‌സര്‍ പട്ടേല്‍ തന്റെ പേരില്‍ കുറിച്ചത്. 30.64 ശരാശരിയിലും 25.35 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന അക്‌സറിന്റെ എക്കോണമി 7.25 ആണ്. 4/21 ആണ് താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയിലാണ്. 16 പന്തില്‍ 43 റണ്‍സുമായി അഭിഷേക് പോരലും 18 പന്തില്‍ 25 റണ്‍സുമായി ഷായ് ഹോപ്പുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, റാസിഖ് സലാം, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്‌റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, യുദ്ധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍.
Content Highlight: IPL 2024: DC vs LSG: Axar Patel playing his 150th IPL match