സംവിധായകന്‍, നായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായാണ് എസ്.ജെ. സൂര്യ കരിയര്‍ ആരംഭിച്ചത്. അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി.
ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരന്‍ എന്ന സിനിമയാണ് എസ്.ജെ. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ഇപ്പോള്‍ മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാള്‍ തമിഴ് സിനിമയിലേക്ക് വരുമ്പോളുണ്ടാകുന്ന ഫീലിനെ കുറിച്ച് സംസാരിക്കുകയാണ് എസ്.ജെ. സൂര്യ. മലയാളത്തിലെ ഒരു മികച്ച നടന്‍ തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹം ഒരു അന്യഭാഷാ നടനാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുമെന്ന് എസ്.ജെ. സൂര്യ പറയുന്നു.
എന്നാല്‍ സുരാജ് വെഞ്ഞാറമൂടുമായി പെട്ടെന്ന് ജെല്ലായെന്നും എസ്.ജെ. സൂര്യ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മലയാള നടന്‍, അതും അവിടെ ടോപ്പില്‍ നില്‍ക്കുന്ന ഒരാള്‍ തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹം ഒരു അന്യഭാഷാക്കാരന്‍ എന്ന ഫീല്‍ നമ്മുടെ ഉള്ളിലുണ്ടാകും. മനസിന്റെ ഉള്ളില്‍ എവിടെങ്കിലുമൊക്കെ ആ തോന്നലുണ്ടാകും.
എന്നാല്‍ സുരാജ് സാറിനെ കണ്ടതും എന്തോ പെട്ടെന്ന് ജെല്ലായി. വന്നപ്പോള്‍ തന്നെ ഞങ്ങള്‍ ജെല്ലായി. സുരാജിന്റെ പെട്ടെന്നുള്ള ചില ആക്ഷനുകളും ഭാവങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വളരെ എന്‍ജോയ് ചെയ്തു,’ എസ്.ജെ. സൂര്യ പറഞ്ഞു.
വീര ധീര സൂരനില്‍ സുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുരാജ് വെഞ്ഞാറമൂടിന് പുറമെ വിക്രം, ദുഷാര വിജയന്‍ ഉള്‍പ്പെടെയുള്ള വന്‍താരനിരയാണ് സിനിമയിലുള്ളത്.
Content Highlight: S.J. Surya talks about the feeling when someone from another industry comes to Tamil cinema