തിരുവനന്തപുരം: ആര്‍.എസ്.എസ്സിന് വേണ്ടി നിലകൊണ്ടിരുന്ന ആളായിരുന്നു ഡോ. ബി.ആര്‍ അംബേദ്ക്കര്‍ എന്ന അവകാശവാദവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ബി.ആര്‍. അംബേദ്ക്കറിന്റെ സ്മൃതി ദിനമായ ഇന്നാണ് അംബേദ്ക്കറിനെ കുറിച്ചുള്ള അവകാശവാദവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്.
രാജ്യത്തിന്റെ ഭരണഘടന വിശുദ്ധഗ്രന്ഥമായി കണക്കാക്കുന്ന ദേശീയവാദികള്‍ക്ക് ഭരണഘടനയുടെ ശില്‍പിയെ വിസ്മരിക്കാനാകില്ലെന്നും പക്ഷെ കപട ദളിത് സ്‌നേഹികളായ കമ്മ്യൂണിസ്റ്റുകാരും മറ്റ് ചില ആക്ടിവിസ്റ്റുകളും മറക്കാന്‍ പാടില്ലാത്ത ചില ചരിത്രസത്യങ്ങളുണ്ടെന്നുമാണ് പി.കെ. കൃഷ്ണദാസ് പറയുന്നത്.
‘നിങ്ങള്‍ ജാതിരഹിത ഐക്യം ലക്ഷ്യം വെക്കുന്നുവെങ്കില്‍ വേഗമാവട്ടെ, ഇവിടെ കീഴ്ജാതിക്കാര്‍ക്ക് കാത്തുനില്‍ക്കാന്‍ സമയമില്ല, അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ പീരങ്കി ഉണ്ടകള്‍ക്ക് ഇരകളായി ഇവിടുത്തെ പട്ടിക ജാതിക്കാര്‍ മാറും’ എന്നതായിരുന്നു അംബേദ്ക്കറിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം ഒരിക്കലും ആര്‍.എസ്.എസ് വിരോധിയായിരുന്നില്ലെന്നും പി.കെ കൃഷ്ണദാസ് അവകാശപ്പെട്ടു.
1952ല്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കറിന്റെ പട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചതെന്നും 1954 മഹാരാഷ്ട്രയിലെ ഭണ്ഡാര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അംബേദ്ക്കറിന്റെ ഇലക്ഷന്‍ ഏജന്റ് ആയിരുന്നത് ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന പ്രചാരകനും ബി.എം.എസ്സിന്റെ സ്ഥാപകനുമായ ദത്തോപന്ത് തേങ്ടി ആയിരുന്നെന്നും അന്നത്തെ സര്‍ സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കാര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച തെരഞ്ഞെടുപ്പായിരുന്നു അതെന്നുമാണ് കൃഷ്ണദാസിന്റെ അവകാശവാദം.
1935ല്‍ മഹാരാഷ്ട്ര പൂനയിലെ ആര്‍.എസ്.എസ് ക്യാംപ് സന്ദര്‍ശിച്ച അംബേദ്കര്‍ ജാതിരഹിത പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നെന്നും ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറുമായി അന്ന് അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തിരുന്നെന്നുമാണ് കൃഷ്ണദാസ് പറയുന്നത്.
1939 ലും അദ്ദേഹം ആര്‍.എസ്.എസ് ക്യാംപില്‍ പ്രത്യേക ക്ഷണിതാവായി എത്തിയിരുന്നെന്നും 1949 ല്‍ അന്നത്തെ സര്‍ സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ ദല്‍ഹിയിലെത്തി അംബേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയത് ആര്‍.എസ്.എസ് നിരോധനം നീക്കാന്‍ സഹായിച്ചതിനായിരുന്നെന്നും കൃഷ്ണദാസ് അവകാശപ്പെടുന്നു.
ഡോ. അംബേദ്കറും ആര്‍.എസ്.എസും തമ്മില്‍ ‘പ്രത്യയശാസ്ത്ര ഐക്യം ഉണ്ടായിരുന്നുവെന്നും ജനസംഘവും അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനും തമ്മില്‍ 1952ല്‍ പ്രീ പോള്‍ സഖ്യം ഉണ്ടായിരുന്നുവെന്നുമുള്ള തരത്തില്‍ നേരത്തേയും ആര്‍.എസ്.എസ് അവകാശവാദമുന്നയിച്ചിരുന്നു.
എന്നാല്‍ ആധികാരികമായ ഒരു തെളിവുകളുടെ പോലും പിന്‍ബലമില്ലാതെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
1954 ഭണ്ഡാര ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ ഇലക്ഷന്‍ ഏജന്റായി ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന പ്രചാരകനും ബി.എം.എസ്സിന്റെ സ്ഥാപകനുമായ ദത്തോപന്ത് തേങ്ടിയെ നിയമിച്ചിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക കത്ത് ഉറപ്പായും സമര്‍പ്പിക്കുമായിരുന്നെന്നും അത്തരത്തിലൊരു ആധികാരിക തെളിവും ആര്‍.എസ്.എസിന് നല്‍കാനില്ലെന്നും നേരത്തെ തന്നെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പി.കെ. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അംബേദ്ക്കര്‍ ആര്‍.എസ്.എസ്സിന് വേണ്ടി നിലകൊണ്ടിരുന്നു.
ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ സ്മൃതി ദിനമാണിന്ന്.രാജ്യത്തിന്റെ ഭരണഘടന വിശുദ്ധഗ്രന്ഥമായി കണക്കാക്കുന്ന ദേശീയവാദികള്‍ക്ക് ഭരണഘടനയുടെ ശില്‍പിയെ വിസ്മരിക്കാനാകില്ല.പക്ഷെ കപട ദളിത് സ്‌നേഹികളായ കമ്മ്യൂണിസ്റ്റുകാരും മറ്റ് ചില ആക്ടിവിസ്റ്റുകളും മറക്കാന്‍ പാടില്ലാത്ത ചില ചരിത്രസത്യങ്ങളുണ്ട്.അംബേദ്കറും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആര്‍.എസ്.എസ്സുമായും ജനസംഘവുമായും വളരെയധികം ചേര്‍ന്നുപ്രവര്‍ത്തിച്ചിരുന്നു.
1)1952ല്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കറിന്റെ പട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്.
2) 1954 മഹാരാഷ്ട്രയിലെ ഭണ്ഡാര മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അംബേദ്ക്കറിന്റെ ഇലക്ഷന്‍ ഏജന്റ് ആയിരുന്നത് ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന പ്രചാരകനും ബി.എം.എസ്സിന്റെ സ്ഥാപകനുമായ ദത്തോപന്ത് തേങ്ടി ആയിരുന്നു, അന്നത്തെ സര്‍ സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കാര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച തിരഞ്ഞെടുപ്പായിരുന്നു അത്
3 ) 1935ല്‍ മഹാരാഷ്ട്ര പൂനയിലെ ആര്‍.എസ്.എസ് ക്യാംപ് സന്ദര്‍ശിച്ച അംബേദ്കര്‍ ജാതിരഹിത പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു, ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറുമായി അന്ന് അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.
4) 1939 ലും അദ്ദേഹം ആര്‍.എസ്.എസ് ക്യാംപില്‍ അദ്ദേഹം പ്രത്യേക ക്ഷണിതാവായി എത്തി.
5) 1949 ല്‍ അന്നത്തെ സര്‍ സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ ഡല്‍ഹിയിലെത്തി അംബേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയത് ആര്‍.എസ്.എസ് നിരോധനം നീക്കാന്‍ സഹായിച്ചതിനായിരുന്നു
‘നിങ്ങള്‍ ജാതിരഹിത ഐക്യം ലക്ഷ്യംവെക്കുന്നുവെങ്കില്‍ വേഗമാവട്ടെ, ഇവിടെ കീഴ്ജാതിക്കാര്‍ക്ക് കാത്തുനില്‍ക്കാന്‍ സമയമില്ല, അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ പീരങ്കിഉണ്ടകള്‍ക്ക് ഇരകളായി ഇവിടുത്തെ പട്ടിക ജാതിക്കാര്‍ മാറും’ ഇതായിരുന്നു അംബേദ്ക്കറിന്റെ കാഴ്ചപ്പാട്. അദ്ദേഹം ഒരിക്കലും ആര്‍.എസ്.എസ് വിരോധിയായിരുന്നില്ല.