ആ കാര്‍ സമ്പത്തിന്റേതാണോ; ചിത്രം വ്യാജമാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും പി.കെ ഫിറോസ്
കോഴിക്കോട്: ‘എക്സ് എം.പി ബോര്‍ഡ്’ വിഷയത്തില്‍ മുന്‍ എം.പി എ സമ്പത്തിനെ വിമര്‍ശിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. വാഹനത്തിന്റെ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാല്‍ പോസ്റ്റ് പിന്‍വലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാറാണെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുന്‍ എം.പി സമ്പത്ത് ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ടെന്നും ഫിറോസ് പറഞ്ഞു. വിമാനത്താവളത്തിന്റെ മുമ്പില്‍ നിര്‍ത്തിയിട്ട കാര്‍ സമ്പത്തിന്റേതാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സി.സി.ടി.വി ദൃശ്യം പുറത്തുവിടാന്‍ സമ്പത്ത് തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘Ex MP’ എന്ന ബോര്‍ഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്തത്. അന്വേഷണത്തിനൊടുവില്‍ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാല്‍ ചിത്രം വ്യാജമാണെന്നാണ് സൈബര്‍ സഖാക്കള്‍ വാദിക്കുന്നത്.
സമ്പത്തിന്റെ ഡ്രൈവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോള്‍ ഇങ്ങിനെ ഒരു ബോര്‍ഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേസമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരോട് അദ്ദേഹം സംസാരിക്കാന്‍ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസിനോട് ഫോണിലും
ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ മുമ്പിലാണ്. ഡ്രൈവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങിനെ ഒരു എയര്‍പോര്‍ട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാന്‍ ഇങ്ങിനെ ഒരു കാറില്‍ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോള്‍ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് ‘ചിലപ്പോള്‍”. അങ്ങേര്‍ക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല.
ഇത്രയും ചര്‍ച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്.
1) ചിത്രത്തില്‍ കാണുന്ന കാര്‍ അദ്ദേഹത്തിന്റേതാണോ?
2) ഈ ചിത്രത്തില്‍ കാണുന്ന എയര്‍പോര്‍ട്ടിന്റെ മുമ്പില്‍ അദ്ദേഹത്തിന്റെ കാര്‍ നിര്‍ത്തിയ സമയത്ത് Ex MP എന്ന ബോര്‍ഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമോ?
3) അങ്ങിനെയെങ്കില്‍ എയര്‍പോര്‍ട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാന്‍ അദ്ദേഹം ആവശ്യപ്പെടുമോ?
നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാല്‍ പോസ്റ്റ് പിന്‍വലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാര്‍.