Kerala
സമരം കൊണ്ട് എന്തു നേടിയെന്ന് പിണറായിയുടെ ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്കില്ലെന്ന് മഹിജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 14, 09:21 am
Friday, 14th April 2017, 2:51 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയ്ക്കില്ലെന്ന് മഹിജ. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും അതുകൊണ്ട് മുഖ്യമന്ത്രിയെ കാണില്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പറഞ്ഞു. സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത് തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്കായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്.

സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.


Also Read: സി.പി.ഐ.എമ്മുമായി സാഹോദര്യ ബന്ധം; ഇടതു നയം മറന്ന് കാനം പ്രതികരിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം


കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ചോദ്യത്തിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സമരം കൊണ്ട് എന്തു നേടി എന്ന ചോദ്യം പണ്ടു കാലത്ത് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.