തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയായ നിലയില്‍ അന്വേഷണം നടക്കട്ടേയെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് സാധാരണഗതിയില്‍ എല്ലാവരും ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കെ.ജി കമലേഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താ അവതരണത്തിനിടെയില്‍ ഡാം തുറന്നു എന്നതിനെ ഡാം തകര്‍ന്നു എന്ന് തെറ്റി വായിച്ചതിനാണ് നിഷയ്ക്കെതിരെ അധിക്ഷേപം തുടങ്ങിയത്.
ഇതിന് പിന്നാലെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയിരുന്നു.