Kerala News
പിണറായി ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും അഭിനന്ദിക്കുന്നു; കുമ്മനം പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ.രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 15, 09:35 am
Monday, 15th March 2021, 3:05 pm

തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനസമ്മിതിയുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

നേമത്ത് നിന്ന് സ്വയം മാറിയതാണ്. എന്റെ പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. ഞാനവിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇപ്രാവശ്യം ഞാന്‍ തീരുമാനിച്ചു മത്സരിക്കുന്നില്ല എന്ന്, അത്രയേയുള്ളൂ.

പാര്‍ട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല ഇത്തവണ മത്സരിക്കാത്തത്. എനിക്ക് പ്രായമായി, പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗമാകും,” ഒ.രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും പൊതുരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. വി.ശിവന്‍കുട്ടിയെയാണ് നേമത്ത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും വടകര സിറ്റിങ്ങ് എം.പിയുമായ കെ. മുരളീധരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി നേമത്ത് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരു നേതാക്കളും നേമം ഏറ്റെടുക്കാന്‍ തയ്യാറല്ലായിരുന്നു. ഇതിന് പിന്നാലെയാണ് കെ. മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan is a Good leader; Says O Rajagopal