Kerala Flood
ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1036 കോടി രൂപ ; ധനസമാഹരണത്തിന് വിപുല പദ്ധതി; ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 31, 04:37 am
Friday, 31st August 2018, 10:07 am

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1036 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസമാഹരണത്തിന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ദുബായ് വിദേശരാജ്യങ്ങളിലും പ്രധാന നഗരങ്ങളിലും ധനസമാഹരണ ദൗത്യം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസികളില്‍ നിന്ന് ധനസഹായം അഭ്യര്‍ത്ഥിക്കും. പ്രവാസി മലയാളി സഹോദരങ്ങളില്‍ നിന്നും സംഘടനകളുടെ സഹകരണത്തോടെയും ധനശേഖരണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലും വിഭവസമാഹരണം നടക്കും.

സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ നിന്നും മന്തരിമാര്‍ നേരിട്ട് ഫണ്ട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഡെന്‍മാര്‍ക്കിലെ “മുഹമ്മദ് കാര്‍ട്ടൂണ്‍ മത്സരം” പിന്‍വലിച്ചു


4,17000 ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സഹായം നല്‍കിയത്. അങ്ങേയറ്റം മാതൃകാപരമാണ് ഇത്. മഹാദുരന്തത്തെ അതിജീവിക്കുന്നതില്‍ നമുക്ക് മാതൃകയാകാന്‍ കഴിയുമെന്ന വിശ്വാസം തന്നെയാണ് ഇത് നല്‍കുന്നത്.

ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനും വായ്പാ പദ്ധതി നടപ്പിലാക്കുന്നതിനും കച്ചവടക്കാര്‍ക്ക് 10 ലക്ഷം വരെയുള്ള വായ്പാ സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.

വീടുകള്‍ താമസിക്കാന്‍ യോഗ്യമാണെങ്കിലും പലര്‍ക്കും വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ടമായിട്ടുണ്ട്. ഇത് വാങ്ങാനായി അവര്‍ക്ക് 1 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ മുഖേനയാവും വായ്പാ സംവിധാനം നടപ്പിലാക്കുക.

ഏതെങ്കിലും ആളുകള്‍ കുടുംബശ്രീയില്‍ അംഗമല്ലാതിരുന്നാല്‍ മാത്രം അവര്‍ക്ക് നേരിട്ട് നല്‍കും. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോഷ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്പപുനര്‍നിര്‍മിക്കുമന്നും 2 മാസം കൊണ്ട് ശബരിമലയില്‍ തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.