തിരുവനന്തപുരം: ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റാണ് തകര്‍ത്തത്. കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയതിനാലാണ് ആ സെറ്റ് അവിടെ നിന്ന് പോയത്.
‘അതാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എന്നൊരു കൂട്ടര് തകര്‍ത്തത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് അത് പുറത്തറിയിച്ചത്’,
സെറ്റ് അവിടെയുള്ളത് കൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.
സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സെറ്റ് നിര്‍മ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.
ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.
കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക