സൗജന്യ കൊവിഡ് വാക്‌സിന്‍; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
Kerala Local Body Election 2020
സൗജന്യ കൊവിഡ് വാക്‌സിന്‍; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th December 2020, 8:27 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തെരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നടപടിക്ക് വഴിവെച്ചത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്., ബി.ജെ.പി നേതാക്കള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. മൂന്നാംഘട്ട പ്രചരണം അവസാനിക്കുന്നതിന് മിനുട്ടുകള്‍ മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് ബോധ്യപ്പെടണം’, അതിനു വേണ്ടി മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരിട്ട് രേഖാമൂലം വിശദീകരിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖാമൂലം നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം, ഈ വിഷയത്തിലെ പരാതി നിലനില്‍ക്കുന്നതാണോ തുടര്‍നടപടികള്‍ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുക്കും.

മറുപടി നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് സമയപരിധി വെച്ചിട്ടില്ല. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Free Covid Vaccine Election Commission