ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
Kerala News
ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 11:12 am

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിലെ ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കരുത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലേ ഇവിടം. എത്ര അഴിമതിയായിരുന്നു. അതിന്റെ ഒരു ഭാഗമാണ് നേരത്തെ ഞാന്‍ പറഞ്ഞത്. എന്തെല്ലാമാണ് ജനങ്ങള്‍ ധരിച്ചിരുന്നത്. സര്‍ ഇത് നാടിനൊരു ശാപമായി എന്ന് കണക്കാക്കിയിരുന്നതായിരുന്നില്ലെ ജനങ്ങള്‍. ആ കാലം മറന്നുപോകുകയാണോ’, പിണറായി ചോദിച്ചു.

ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നതെന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടികൊണ്ടവരാണ് ഇവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത് എന്നും പിണറായി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമെന്ന് കെ.സി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കില്‍ നോക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

വിഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറ്റ് കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ടൈറ്റാനിയം കേസില്‍ മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടില്‍ സി.ബി.ഐ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഡിയില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താന്‍ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan attack Opposition