ഫോണ്‍ ചോര്‍ത്തല്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് അമേരിക്കയുടെ കുറ്റസമ്മതം
World
ഫോണ്‍ ചോര്‍ത്തല്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് അമേരിക്കയുടെ കുറ്റസമ്മതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2013, 12:37 pm

[]വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ ഫോണ്‍ ചോര്‍ത്തലുകള്‍ ചിലപ്പോഴൊക്കെ അതിര് കടന്നുവെന്ന് യു.എസിന്റെ കുറ്റസമ്മതം.

പലപ്പോഴും ഫോണ്‍ ചോര്‍ത്തലുകള്‍ അതിര്‍ത്തി ലംഘിച്ചുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സംഭവത്തെ കുറിച്ച് ഇത്തരത്തില്‍ ഒരു പ്രതികരണം വരുന്നത്.

ഇത് വരെയും ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ വൈറ്റ്ഹൗസ് നിഷേധിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രസിഡന്റ് ഒബാമയുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുമെന്നും ജോണ്‍ കെറി അറിയിച്ചു.

മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിരവധി കുറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അമേരിക്കയെ പാത്രമാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ഏറ്റവും അടുത്ത സഖ്യ കക്ഷികള്‍ പോലും രഹസ്യം ചോര്‍ത്തിയതിന്റെ പേരില്‍ അമേരിക്കക്കെതിരെ തിരിഞ്ഞിരുന്നു.
വിമര്‍ശനങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് അമേരിക്കയുടെ കുറ്റ സമ്മതം.