ചിത്രങ്ങള്‍: രാംകുമാര്‍
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും മറ്റു പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കേരളത്തില്‍ ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. ഹര്‍ത്താലിനെ തുടര്‍ന്ന് ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ച് നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. കേരള ജനത ഒന്നടങ്കം പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹര്‍ത്താലില്‍ പങ്കെടുക്കുകയാണ്.
വില വര്‍ധനവില്‍ പ്രതിഷേധിച്ച് ദേശീയതലത്തിലും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. മെയ് 31ന് ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്താനും ബന്ദ് നടത്താന്‍ എന്‍.ഡി.എയും തീരുമാനിച്ചു. ഇടതുപക്ഷം ശക്തമായ പ്രതിഷേധപരിപാടികളുമായി രംഗത്ത് വരുമെന്ന് സി.പി.ഐ.എം ജനരല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
എന്‍.ഡി.എയുടെ ബന്ദ് കണ്‍വീനറും ജെ.ഡി.യു പ്രസിഡന്റുമായ ശരത് യാദവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജനങ്ങലുടെ മേല്‍ അടിച്ചേല്‍പ്പിച്ച പെട്രോള്‍ വില വര്‍ധനവിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞൊഴിയുകയാണ്. സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് വില വര്‍ധിക്കുന്നത്. ഇനി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഡീസലിന്റേയും പാചക വാതകത്തിന്റേയും വിലയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.