തൃശൂർ: ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ എഴുത്തുകാരൻ വി.ആർ. സുധീഷിനെ കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പരാതിക്കാരി.
ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പാനൽ ചർച്ചയിൽ അധ്യക്ഷത വഹിക്കുന്നത് വി.ആർ. സുധീഷാണ്.
സുധീഷിനെതിരെ താൻ നൽകിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കെ സുധീഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് വെള്ളപൂശാനുള്ള ശ്രമമാണെന്ന് പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
സാഹിത്യോത്സവത്തിന്റെ ആദ്യ ദിവസം തന്നെയും അതിഥിയായി വിളിച്ചിട്ടുണ്ടെന്നും അത് എന്തിനാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.
സ്ത്രീകൾ നിരന്തരം അപമാനിതരാവുകയും മാറ്റിനിർത്തപ്പെടുകയും പ്രതിയുടെ സ്വാധീനത്താൽ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പ്രതികളെ സമൂഹം ആഘോഷമാക്കുകയാണെന്ന് അവർ ആരോപിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്ത് പോയി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി പോസ്റ്റിൽ പറഞ്ഞു.
2023 ഒക്ടോബറിൽ എസ്.കെ. പൊറ്റക്കാട് സ്മാരക സാഹിത്യ വേദിയുടെ പരിപാടിയിൽ വി ആർ സുധീഷിനെയും പരാതിക്കാരിയെയും ഒരുമിച്ച് പങ്കെടുപ്പിക്കാൻ സംഘാടകർ ശ്രമിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.
പരാതിക്കാരിയായ പുസ്തക പ്രസാധക അധ്യക്ഷയായ പരിപാടിയിൽ കവി കൽപ്പറ്റ നാരായണനായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന് ബുദ്ധിമുട്ടായതിനാൽ പകരം വി.ആർ. സുധീഷിനെ പങ്കെടുപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
പരിപാടിയിൽ തന്നെ അപമാനിക്കാനോ കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ തങ്ങൾ രണ്ടുപേരും വേദി പങ്കിട്ടുവെന്ന് വരുത്തിത്തീർക്കാനോ നടത്തിയ ശ്രമമായാണ് തോന്നിയതെന്ന് പരാതിക്കാരി അന്ന് പറഞ്ഞിരുന്നു.
Content Highlight: Petitioner against Kerala Sahithya Academy for inviting MeToo accused VR Sydheesh in Literature Festival