അഫ്ഗാന്‍, കൊലനിലങ്ങളില്‍ കളി പഠിച്ചവര്‍
Afghanistan Cricket
അഫ്ഗാന്‍, കൊലനിലങ്ങളില്‍ കളി പഠിച്ചവര്‍
പീറ്റർ ജെയിംസ്
Monday, 16th October 2023, 1:25 pm

ക്രിക്കറ്റിനെ മനസിലിട്ട് താലോലിച്ചവരാണ് നമ്മള്‍. മൈതാനങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇതിഹാസങ്ങള്‍ക്കൊപ്പം സഞ്ചരിച്ചവരും. ഗ്യാലറിക്കാഴ്ചയിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്‌ക്രീനിലും കുപ്പായങ്ങള്‍ക്ക് ഒരേ നിറമായിരുന്ന കാലം മുതലുള്ള യാത്രയില്‍ മനസില്‍ നങ്കൂരമിട്ട താങ്ങളേറെ.

ഒടുവില്‍ ഇതാ ഒരു കൊച്ചു രാജ്യം കൂടി ഹൃദയത്തില്‍ കൂടുവച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാന്‍ സമീപകാലത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഈ കൊച്ചു രാജ്യം സമ്പാദിച്ചിരിക്കുന്നത്. ഇനി ഏഷ്യയിലെ കുഞ്ഞന്മാരായി ഇവരെ പരിഗണിക്കാന്‍ വയ്യ. ലോക ചാമ്പ്യന്മാരെ തകര്‍ത്തു നെഞ്ചും വിരിച്ചുനില്‍ക്കുക ആണിവര്‍.

ആഭ്യന്തര യുദ്ധത്തിലും വൈദേശികാധിപത്യത്തിലും തകര്‍ന്നുതരിപ്പണമായ ഒരു രാജ്യം എങ്ങനെയാണ് ക്രിക്കറ്റ് ലോകത്തുപറന്നു കയറാന്‍ ചിറകുതേടിയത്. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാടുപെടുന്നൊരു രാജ്യത്തെ ക്രിക്കറ്റിന്റെ ഉദയത്തിലേക്ക് ഒരു എത്തിനോട്ടം.

അഭയാര്‍ഥി ക്യാമ്പുകളിലെ തുടക്കം ബ്രിട്ടിഷ് ഭരണത്തിന് കീഴിലായിരുന്ന അഫ്ഗാനിസ്ഥാന്‍ 1839ല്‍ കാബൂളില്‍ ബ്രിട്ടിഷുകാരുമായി ക്രിക്കറ്റ് കളിച്ചിരുന്നതായി ചരിത്രത്തില്‍ പറയുന്നു. എന്നാല്‍, 1990കളില്‍ പാക്കിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ആധുനിക അഫ്ഗാന്‍ ക്രിക്കറ്റിന്റെ ചരിത്രം തുടങ്ങുന്നത്.

വില്ലോ മരത്തടിയില്‍ തുകല്‍പ്പന്തുകൊള്ളുന്ന ശബ്ദമല്ല, തോക്കുകളുടെയും ഷെല്ലുകളുടെയും ശബ്ദവുമായാണ് അഫ്ഗാനിസ്ഥാന് കൂടുതല്‍ പരിചിതം. താലിബാന്റെ കിരാത ഭരണം, അമേരിക്കന്‍ ടാങ്കറുകളും യുദ്ധവിമാനങ്ങളും ഏത് നിമിഷവും തീ തുപ്പുമെന്ന അവസ്ഥ. എങ്കിലും ഇവിടെ ക്രിക്കറ്റിനെ ഹൃദയംകൊണ്ട് സ്നേഹിക്കുന്ന കുരുന്നുകള്‍ ഏറെയുണ്ടായിരുന്നു. അവരാണ് ഇന്ന് അഫ്ഗാന്‍ ക്രിക്കറ്റിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. താലിബാന്‍ ഭരണകാലത്ത് കലാകായിക മത്സരങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ നിരോധനമായിരുന്നു രാജ്യത്ത് എന്നുകൂടി ഓര്‍ക്കണം.

ഇന്ന് ക്രിക്കറ്റില്‍ നേട്ടങ്ങളിലേക്കു പായുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ആദ്യം നന്ദി പറയേണ്ടത് പാക്കിസ്ഥാനോടുതന്നെ. അഫ്ഗാന്‍ താരങ്ങളെല്ലാം കളിപഠിച്ചത് പാക്കിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ്. അഫ്ഗാന്‍ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന താജ് മാലൂക്ക് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്നത് ഇങ്ങനെയാണ്.

‘ഞങ്ങള്‍ പാക്കിസ്ഥാനിലെ കച്ചാകറാ ക്യാമ്പിലായിരുന്നു. എന്റെ മൂന്ന് സഹോദരങ്ങളും അവരുടെ കൂട്ടുകാരും അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാരും തന്നെ ക്രിക്കറ്റിന്റെ കടുത്ത ആരാധകരായിരുന്നു. എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും കാണുന്നത് പതിവായിരുന്നു. വൈകുന്നേരങ്ങളില്‍ ബേസ് ബോര്‍ഡ് സ്റ്റംപാക്കി പേപ്പര്‍ ചുരുട്ടി പന്തുണ്ടാക്കി, എവിടെയെങ്കിലും കിടന്നു കിട്ടുന്ന പരന്ന പലക ബാറ്റാക്കി ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചു.

ഈ ദിവസങ്ങളിലെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഞങ്ങളുടെ രാജ്യത്തിനെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്റ് ടീം. ഞങ്ങളുടെ ചര്‍ച്ചകള്‍ക്കിടെ പലവട്ടം ഈ ചിന്ത കടന്നുവന്നിരുന്നു. പക്ഷേ, രാജ്യം അതിന് അനുവദിക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്നും ആ ചര്‍ച്ചകള്‍ അവസാനിച്ചത് സങ്കടത്തില്‍ മാത്രമായിരുന്നു. എന്നാല്‍, പ്രതീക്ഷ കൈവിട്ടില്ല. കാബൂളിലേക്ക് തിരിച്ചെത്തിയ ഉടനെ ക്രിക്കറ്റ് താരങ്ങളെല്ലാം ഒരുമിച്ച് കൂടണമെന്ന് ഞാന്‍ പലരോടായി പറഞ്ഞു. പക്ഷേ, എന്റെ പിതാവ് ഇതിന് തടസം നിന്നു. അദ്ദേഹം പറഞ്ഞു, ക്രിക്കറ്റ് ഒരു സമയംകൊല്ലി കളിയാണ്, അത് എന്റെ മക്കളെ ഇല്ലാതാക്കുമെന്ന്,’

അഫ്ഗാന്‍ താരമായ കരിം സാദിക്കും സമാനമായ പ്രശ്നങ്ങളെക്കുറിച്ചു പറയുന്നുണ്ട്,

‘ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ആഹാരം കഴിക്കാനുള്ള പണം പോലുമില്ലായിരുന്നു. എങ്കിലും ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തി. അതുകൊണ്ട് തന്നെ കുടുംബാഗങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നതിനോടും അതിനായി സമയം കളയുന്നതിനോടും എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു,’

നവ്‌റോസ് മംഗല്‍, മുഹമ്മദ് നബി, കരിം സാദിഖ് തുടങ്ങിയ താരങ്ങളും അഭയാര്‍ഥി ക്യാംപില്‍ നിന്നാണ് കളി പഠിച്ചത്. നീണ്ട ദിവസങ്ങള്‍ ഇവര്‍ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞുകൂടി. എങ്കിലും ഇവര്‍ കളിക്കാനായി ഒത്തുചേര്‍ന്ന് നല്ല നാളെകള്‍ സ്വപ്നം കണ്ടു. ഇതിനിടെ 2000ല്‍ അഫ്ഗാനില്‍ കായിക ഇനങ്ങള്‍ക്കുള്ള നിരോധം നീക്കി. അങ്ങനെ ഏറെ നാളുകളായി സ്വപ്നം കണ്ടിരുന്ന രാജ്യത്തിന്റെ ക്രിക്കറ്റ് ടീം ഇവിടെ രൂപപ്പെട്ടു.

2001ല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഫെഡറേഷനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍, ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2001 സെപ്റ്റംബര്‍ 11ന് അമെരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭികരാക്രമണത്തിന് പിന്നാലെ ഒക്റ്റോബറില്‍ അമെരിക്കന്‍ വിമാനങ്ങള്‍ അഫ്ഗാനിസ്ഥാനു മുകളിലൂടെ മരണം വിതച്ചുപറന്നു തുടങ്ങി.

എന്നാല്‍, ഈ ആക്രമണങ്ങള്‍ക്കൊന്നും അഫ്ഗാനിസ്ഥാനിലെ യുവതയെ പിടികൂടിയ ക്രിക്കറ്റിന്റെ പനിച്ചൂട് അടക്കാനായില്ല. കെടുതികള്‍ക്ക് നേരിയ ശമനമുണ്ടായപ്പോള്‍ അഫ്ഗാന്‍ യുവാക്കള്‍ വീണ്ടും ബാറ്റും പന്തുമായി തെരുവിലിറങ്ങി.
അങ്ങനെ 2003ല്‍ പാക്കിസ്ഥാനിലേക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചു. ലോക മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് ഈ കുഞ്ഞന്‍രാജ്യമെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് തോല്‍വി വഴങ്ങിയെങ്കിലും രണ്ട് സമനിലകള്‍ സ്വന്തമാക്കി. 2004ല്‍ ഏഷ്യന്‍ റീജ്യനല്‍ മത്സരങ്ങള്‍ക്കായി ഇവരെത്തി. ആറാം സ്ഥാനക്കാരായാണ് രാജ്യം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

2006ലാണ് അഫ്ഗാന്‍ ക്രിക്കറ്റ് വരാനിരിക്കുന്ന സുവര്‍ണകാലങ്ങളുടെ മിന്നലാട്ടങ്ങള്‍ കാണിച്ചു തുടങ്ങിയത്. ബഹ്‌റൈനില്‍ നടന്ന മിഡില്‍ ഈസ്റ്റ് ക്യാമ്പില്‍ റണ്ണറപ്പായി അവര്‍. അതേ വര്‍ഷം തന്നെ ഇംഗ്ലണ്ട് പര്യടനം. എസെക്‌സ്, ഗ്ലാമോര്‍ഗന്‍, ലെസ്റ്റര്‍ഷെയര്‍ തുടങ്ങിയ വിഖ്യാതമായ കൗണ്ടി ക്ലബ്ബുകളുടെ രണ്ടാംനിര ടീമുകളുമായി ഏറ്റുമുട്ടിയ അഫ്ഗാന്‍ ഏഴ് മത്സരങ്ങളില്‍ ആറും ജയിച്ചാണ് മടങ്ങിയത്. ഐ.സി.സി ട്രോഫി പ്ലേഓഫില്‍ നേപ്പാളിനെ തകര്‍ത്ത് മൂന്നാമതായി ഫിനിഷ് ചെയ്തു അവര്‍. പിന്നീട് രാജ്യന്തര മത്സരങ്ങളിലേക്കായി ശ്രദ്ധ.

2011 ലോകകപ്പ് യോഗ്യതാറൗണ്ട് കടക്കാനായില്ലെങ്കിലും, 2018 ലോകകപ്പിലേക്ക് അവര്‍ യോഗ്യത നേടി. രാജ്യത്തെ ഒരുമിപ്പിച്ച ഗെയിം
യുദ്ധവും കെടുതികളും ഇല്ലായ്മ ചെയ്ത രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തിയത് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ താലിബാനും ക്രിക്കറ്റിനെ അനുകൂലിച്ചു തുടങ്ങി. 2012ല്‍ പാക്കിസ്ഥാനെതിരെ ഏകദിന മത്സരത്തിന് അഫ്ഗാന്‍ ഇറങ്ങിയപ്പോല്‍ അന്നത്തെ ധനമന്ത്രി ഡോ. ഒമര്‍ സഖില്‍വാള്‍ പറഞ്ഞു, ‘ഇതുപോലെ ഞങ്ങളെ ഒരുമിച്ചു നിര്‍ത്തിയ മറ്റൊന്നും ഈ രാജ്യത്തില്ല’

രാജ്യത്തെ മറ്റ് വിഭജനങ്ങളെയും വിവേചനങ്ങളെയും ക്രിക്കറ്റ് ഒരു പരിധിവരെ ഇല്ലാതാക്കിയെന്നു പറയാം. ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അഫ്ഗാന്‍ വിജയിച്ചപ്പോള്‍ രാജ്യത്തെ പാഷ്തൂണ്‍, ഹസാര, ഉസ്‌ബെക്, താജിക് തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒത്തൊരുമിച്ച് ആഘോഷ നൃത്തവുമായി തെരുവിലിറങ്ങി.
ഷെന്‍വാരിയുടെ സ്വപ്നം, അഫ്ഗാന്റെയും ഭീതിപ്പെടുത്തുന്ന അഭയാര്‍ഥി കഥകള്‍ പറയുകയാണ് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ സമിയുള്ള ഷെന്‍വാരി. സോവ്യറ്റ് യൂണിയനും മുജാഹിദ്ദീന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന 1987ലാണ് ഷെന്‍വാരിയുടെ ജനനം.

‘ജനിച്ചത് ജലാലാബാദിലാണെങ്കിലും യുദ്ധക്കെടുതി മൂലം എന്റെ ബാല്യത്തില്‍ തന്നെ ഞങ്ങള്‍ പാക്കിസ്ഥാനിലെ പെവാവറിലേക്ക് പലായനം ചെയ്തു. അന്ന് ഞങ്ങളുടെ കുടുംബം നേരിട്ട വ്യഥകളെക്കുറിച്ച് അമ്മ എന്നും ഓര്‍മിപ്പിക്കുവായിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് എന്നെ മാറോടുചേര്‍ത്ത് നടന്നു നീങ്ങിയതും, വാഹനങ്ങള്‍ അന്യമായിരുന്ന ആ കാലത്ത് ജീവന്‍ വാരിപ്പിടിച്ച് ഓടിയതും, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മലനിരകള്‍ ആഴ്ചകള്‍ കൊണ്ട് നടന്ന് കടന്നും എല്ലാം അവര്‍ എപ്പോഴും ഓര്‍ത്ത് പറയുവായിരുന്നു,’ ഷെന്‍വാരി പറയുന്നു.

മറ്റ് അഫ്ഗാന്‍ താരങ്ങളെ പോലെ ഷെന്‍വാരിയും ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് പാക്കിസ്ഥാന്‍ ക്യാംപില്‍ നിന്നാണ്. 15 വയസ് എത്തുന്നതുവരെ ടെന്നിസ് ബോളില്‍ ടേപ്പ് ചുറ്റിയാണ് ഷെന്‍വാരി ക്രിക്കറ്റ് കളിച്ചത്. മാതൃരാജ്യമെന്നത് ഓര്‍മകളില്‍ മാത്രമായിരുന്നെങ്കിലും പാക്കിസ്ഥാനിലെ സ്‌കൂള്‍ കാലഘട്ടങ്ങളൊക്കെ അവന്‍ ആസ്വദിച്ചിരുന്നു.

‘എങ്കിലും സ്വന്തം രാജ്യമെന്ന ചിന്ത എനിക്കു വല്ലാതെ നഷ്ടബോധമുണ്ടാക്കിയിരുന്നു. ആ രാജ്യത്തേക്കുള്ള തിരിച്ചുവരവ് വളരെ ഭീകരവും. എന്റെ മാതാപിതാക്കള്‍ എന്നെയും സഹോദരങ്ങളെയും പാക്കിസ്ഥാനില്‍ സംരക്ഷിക്കുന്നതിനാണ് തീരുമാനിച്ചത്’

2005ലാണ് ഷെന്‍വാരിയുടെ കുടുംബം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചെത്തുന്നത്. ഈ തിരിച്ചുവരവ് ഒരു അത്ഭുതമായിരുന്നെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ രാജ്യം വളരെ മാറിയിരുന്നു. പലായനം ചെയ്തു പോയ ആളുകള്‍ പതിയെ തിരിച്ചെത്തിക്കൊണ്ടിരുന്നു. ആ അവസരത്തിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ ഷെന്‍വാരിക്ക് ഇടം ലഭിക്കുന്നത്.

ഷെന്‍വാരിയുടെ വാക്കുകളോടെ അവസാനിപ്പിക്കാം.

‘ഒരു ദിവസം അഫ്ഗാന്‍ ക്രിക്കറ്റ് ടീം ലോക കിരീടം സ്വന്തമാക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്, അതു സഫലമാകും. ഞങ്ങള്‍ ഒന്നുകൂടി വിശ്വസിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് രാജ്യം എന്ന പേരിലും ഒരുദിവസം അഫ്ഗാന്‍ അറിയപ്പെടും,’

Content Highlight: Peter James Write up about Afghanistan national cricket team