അട്ടപ്പാടിയിലെ ആദിവാസികളും സവര്‍ണ്ണ പെരുച്ചാഴികളും
D-Review
അട്ടപ്പാടിയിലെ ആദിവാസികളും സവര്‍ണ്ണ പെരുച്ചാഴികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2014, 11:56 pm

peruchazhi-w-668perucaaaaaaaa


ഓണക്കാല ചിത്രമായ പെരുച്ചാഴിയിലെ വിവാദ ഡയലോഗ് “ലുലു മാളിലെത്തിയ അട്ടപ്പാടികള്‍” എന്ന പ്രയോഗത്തെ ഫേസ്ബൂക്കിലൂടെ വിമര്‍ശിച്ച പ്രശസ്ത സംവിധയകന്‍ ഡോക്ടര്‍ ബിജുവിന് നേരെ മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. ആശയപരമായ വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ താല്പര്യമില്ലാത്ത, സമൂഹത്തിന്റെ സവര്‍ണ പൊതുബോധത്തിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ഈ സംഭവം. യാഥാര്‍ത്ഥത്തില്‍ ആദ്യമായിട്ടാണോ മലയാളസിനിമയില്‍ ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്? പ്രത്യേകിച്ച് മോഹന്‍ലാല്‍ ചിത്രത്തില്‍…

എന്നുമുതല്‍ ആണ് മലയാള സിനിമയിലെ നായകന്മാര്‍ സവര്‍ണരായത്? മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് ശേഷം അതായത് 1990 നു ശേഷമാണ് മലയാളസിനിമയിലെ കഥയും കഥാപാത്രങ്ങളും കൂടുതല്‍ സവര്‍ണവല്‍കരിക്കപ്പെട്ടത്. ഇതിലൂടെ താഴ്ന്ന ജാതികള്‍ എന്ന് സവര്‍ണര്‍ വിശ്വസിക്കുന്നവരെ പര്‍ശ്വവല്‍ക്കരിക്കുക എന്ന ലക്ഷ്യം ആണോ ഉണ്ടായിരുന്നത്?

മോഹന്‍ലാല്‍ ഹിന്ദുവായി അഭിനയിച്ച എല്ലാ സിനിമകളിലും സവര്‍ണ ഹിന്ദു ആണ്. ഒരു ദളിത് ഹിന്ദുവായിട്ടോ എന്തിന് ഒരു ഈഴവ ഹിന്ദുവായിട്ടോ അഭിനയിച്ചിട്ടില്ല. രസതന്ത്രം എന്നാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ആശാരി കഥാപാത്രം പോലും ജന്മം കൊണ്ട് ആശാരി അല്ല. ജയില്‍വാസം അനുഭവിക്കുമ്പോള്‍ പഠിച്ച ഒരു തൊഴില്‍ തുടരുന്ന ഒരു കഥാപാത്രം മാത്രമാണ്. മോഹന്‍ലാലിനു കൂടുതല്‍ ആരാധകരുള്ളതും ആദ്യമായി ഫാന്‍സ് അസോസിയേഷന്‍ സ്ഥാപിച്ചതും തിരുവനന്തപുരത്തെ ചെങ്കല്‍ചൂള നിവാസികളായ ദളിതര്‍ ആണ്. ഈ കാര്യം അദ്ദേഹത്തിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല.peru-3

“നല്ല ഇല്ലത്തെ നായര്‍ ആണ് ഞാന്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു” (ചന്ദ്രലേഖ). ഈ ഡയലോഗ് കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുനത് എന്താണ്? മറ്റു സമുദായക്കാരന്‍ ആയിരുന്നെങ്കില്‍ പെണ്ണിനെ വസ്ത്രാക്ഷേപം ചെയ്‌തേനെ എന്നാണ് കഥാസന്ദര്‍ഭത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം അര്‍ത്ഥമാക്കുന്നത്. സംഭാഷണ രചയിതാവിന്റെ ഉത്തരവാദിത്വത്തിന്റെ ന്യായം പറഞ്ഞ് തലയൂരാന്‍ കഴിയുമെങ്കിലും സവര്‍ണരെ അധിക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ തീരെ ഇല്ലാതാകുന്നതും യാദൃശ്ചികം എന്ന് പറഞ്ഞു ഒഴിവാക്കാന്‍ കഴിയുമോ? കേരളത്തിലെ സര്‍വസാധാരണമായ “നക്കിനായര്‍” എന്ന ഒരു പ്രയോഗം സ്‌ക്രിപ്റ്റ് റൈറ്റര്‍ എഴുതിയാല്‍ ലാലേട്ടന്‍ അത് പറയാന്‍ തയ്യാറാകുമോ?peru-5

നായര്‍ സമുദായം കേരളത്തിന്റെ ജനസംഖ്യയില്‍ 20 ശതമാനം പോലുമില്ലെങ്കിലും മലയാള സിനിമയിലെ കഥകളില്‍ ഭൂരിപക്ഷവും നായര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. മറ്റു സമുദായക്കാരായ കാണികളും അത് തങ്ങളുടെ കഥ എന്ന മട്ടില്‍ എളുപ്പം താദാത്മ്യം കൊള്ളുന്നു. ചാനല്‍ അവതാരകരും സീരിയല്‍ കഥാപാത്രങ്ങളും ഇത് തന്നെ പിന്തുടരുന്നു. “ഭൂമിയിലെ രാജാക്കന്മാര്‍” എന്ന ചിത്രത്തില്‍ ദളിത് കുട്ടിയെ ഉമ്മ വെച്ചിട്ട് ഡെറ്റോളില്‍ കുളിക്കുന്ന മോഹന്‍ലാലിനെയാണ് നമ്മള്‍ കാണുന്നത്. “നരന്‍” എന്ന ചിത്രത്തിലും അന്യസമുദായങ്ങളെ മോഹന്‍ലാല്‍ അധിക്ഷേപിക്കുന്നുണ്ട്. “നായരെ കൊണ്ട് സല്യൂട്ട് ചെയ്തപ്പോള്‍ ഒരു സമാധാനം” എന്ന് സലിംകുമാറിനെ കൊണ്ട് ഒരു ലാല്‍ ചിത്രത്തില്‍ പറയിക്കുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

peruchazhi-w--2

പൃഥ്വിരാജ് മിക്കസിനിമകളിലും ബ്രാഹ്മണന്‍ ആണ്. ബ്രാഹ്മണന്മാരോട് എന്തിനാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് ഇത്ര താല്പര്യം?. പണ്ടുകാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ നന്ദി ആണോ ഇത് എന്ന് ഒരു സാധാരണ പ്രേക്ഷകന്‍ രൂക്ഷമായി പ്രതികരിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റുമോ? “വാസ്തവം” എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, “ഒരു പൂണൂലിട്ടു എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസികളുടെ മുന്‍വാതിലുകള്‍ പലതും എനിക്ക് മുന്നില്‍ അടഞ്ഞിട്ടുണ്ട്”, “പൂണൂലിട്ടവര്‍ക്ക് ആര് ജോലിതരാനാ അമ്മെ” എന്ന ആര്യനിലെ ബ്രാഹ്മണ ഇരവാദസംഭാഷണത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്.

“പുണ്യം അഹം” എന്ന സിനിമയുടെ കഥ ജാതിസംവരണത്തില്‍ ജോലി കിട്ടാതെ കഷ്ടപ്പെടുന്ന നമ്പൂതിരി യുവാവിനെ ചുറ്റിപ്പറ്റിയുള്ളതാണ്. നമ്പൂതിരി യുവാക്കള്‍ക്ക് ജോലി ഇല്ലാതായതിനു കാരണം ദളിതര്‍ ആണോ? മാടമ്പി, പ്രമാണി, ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം എന്നീ ചിത്രങ്ങളില്‍ എല്ലാം സവര്‍ണ മേധാവിത്തം മറയില്ലാതെ ആവിഷ്‌കരിച്ചിരിക്കുന്നു. “കാക്കക്കുയില്‍” എന്ന ചിത്രത്തില്‍ “ഹോ മേനോന്‍കുട്ടി ആണോ സമാധാനമായി” എന്ന് നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചോദ്യമിതാണ്. സവര്‍ണ സമുദായത്തെ മാത്രം ഇങ്ങനെ പുകഴ്ത്തുമ്പോള്‍ ഇത് കാണുന്ന മറ്റു സമുദായക്കാരുടെ മാനസികനിലയെ കുറിച്ച് ഒരു ചിന്തയും സംഭാഷണ രചയിതാവിന് വേണ്ട എന്നാണോ?peru-6

തമിഴ് സിനിമയില്‍ ദളിതരുടെ കഥ പ്രമേയമാക്കി സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്യുന്നു. പിതാമഹന്‍, പേരാണ്മായി, സുബ്രഹ്മണ്യപുരം, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം മാത്രം. മഹാനായ പ്രേം നസീര്‍ ഒരു സിനിമയില്‍ ദളിതനായി അഭിനയിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല (കൊച്ചുമോന്‍). ഷീല അവതരിപ്പിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനി ആയ കഥാപാത്രത്തെ ക്ഷത്രിയ യുവാവായ പ്രേം നസീറിന്റെ കഥാപാത്രം പ്രണയിക്കുന്നതും ഷീല ജില്ല കലക്ടര്‍ ആകുന്നതും ആയ പ്രമേയം, അറുപതുകളില്‍ “കലക്ടര്‍ മാലതി” എന്ന ചിത്രത്തില്‍ അവതരിപ്പിക്ക പ്പെട്ടിട്ടുണ്ട്. കൃഷ്ണന്‍ നായര്‍ ആയിരുന്നു ആ ചിത്രത്തിന്റെ സംവിധയകന്‍. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു സബ്ജക്റ്റ് മലയാളസിനിമയില്‍ ആലോചിക്കാന്‍ കഴിയുമോ?

“ഉയരും ഞാന്‍ നാടാകെ” എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആദിവാസി ആയി അഭിനയിച്ചിട്ടുണ്ട്. റേഡിയോ കാണുമ്പോള്‍ വടി എടുത്തടിക്കുന്ന അപരിഷ്‌കൃതനായി എന്ന് മാത്രം. അറിവും വിദ്യാഭ്യാസവും ഉള്ള ദളിതര്‍ കേരളത്തില്‍ ഇല്ലാഞ്ഞിട്ടാണോ അദ്ദേഹം ദളിത് വേഷങ്ങള്‍ ചെയ്യാത്തത്? സുപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു അംഗീകാരം നേടിയ ഒരു നടന്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് “നാന” സിനിമ വാരികയില്‍ മെഡിക്കല്‍ കോളേജ് തലങ്ങളിലെ ജാതി സംവരണത്തെ വിമര്‍ശിച്ചു അഭിപ്രയപെട്ടിരുന്നു. അന്ന് മാധ്യമങ്ങള്‍ ഇത്ര വിപുലം ആയിരുന്നില്ല. അതുകൊണ്ട് പലരും അത് വായിക്കാനും ഇടയായില്ല. നായര്‍ യുവാവിനു പുലയ സ്ത്രീയില്‍ കുഞ്ഞു ജനിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആയിരുന്നു “നീലക്കുയില്‍” എന്ന സിനിമയുടെ പ്രമേയം. നീലത്താമര റീമെയ്ക്ക് ചെയതത് പോലെ നീലക്കുയിലും ചെയ്തു കൂട എന്നുണ്ടോ?.peru-4

“ലുലു മാളിലെത്തിയ അട്ടപാടികള്‍” എന്ന ഡയലോഗിലെ ദളിത് വിരുദ്ധതയെ കുറിച്ച് പ്രതികരിക്കുന്നവര്‍ ഒന്നോര്‍ക്കണം ഇതിനെക്കാളും എത്രയോ മടങ്ങ് ദളിത് വിരുദ്ധ ഡയലോഗ് മോഹന്‍ലാല്‍ ആര്യന്‍ എന്ന ചിത്രത്തില്‍ പറഞ്ഞിട്ടുണ്ട്. “എടോ തനിക്ക് എന്നോടുള്ള വിദ്വേഷം എന്താണ് എന്നെനിക്കറിയാം കീഴ്ജാതിക്കാരന്റെ അപകര്‍ഷത. ഒരു സവര്‍ണസ്ത്രീ അറുപതു കഴിഞ്ഞ വൃദ്ധ ആണെങ്കില്‍ പോലും അവരെ വരെ പകയോടെ പ്രാപിക്കാന്‍ പോകുന്ന നിന്റെയൊക്കെ മനസിലാടാ ജാതിയും അയിത്തവും. അന്ന് നീ എന്റെ അച്ഛന്റെ കയ്യില്‍ നിന്റെ തീണ്ടല്‍ മാറാന്‍ രണ്ടു രൂപ കൊടുത്തില്ലേ? ഇന്ന് എണ്ണക്ക് ഒക്കെ വില കൂടുതല്‍ ആണ്. ഇതാ, കൊണ്ട് പോയി കുളിക്ക്. നമ്പൂതിരി തൊട്ടാല്‍ നീയൊക്കെ കുളിക്കണം കാരണം നിന്റെയൊക്കെ മനസ്സിലാണ്ജാതിയും അയിത്തവും.”

ദളിത് പാര്‍ശ്വവല്‍ക്കരണത്തിനെതിരെയും സവര്‍ണ ഫാസിസത്തിനെതിരെയും പ്രതികരിക്കുന്നവരെ “അപകര്‍ഷത ബോധമുള്ളവര്‍” എന്നാരോപിച്ച് പ്രതിരോധിക്കാന്‍ സവര്‍ണ പൊതുബോധ സമൂഹത്തിന് മാതൃക കാണിച്ചു കൊടുത്തതും ഈ സംഭാഷണത്തിലൂടെ ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്ത് ആണ്. അറിവില്ലാത്ത പ്രായത്തില്‍ ഇതൊക്കെ കേട്ട് കുറെ കയ്യടിച്ച ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഇന്ന് ഒരു പുനര്‍വിചിന്തനം നടത്തേണ്ടതാണ്.
peru-7

വാക്കുകളില്‍ വര്‍ണവെറിയുടെ വിഷം ചേര്‍ത്ത് തുപ്പാന്‍ ഒരു കീഴ്ജാതി കഥാപാത്രത്തെ സൃഷ്ട്ടിക്കാന്‍ ബുദ്ധി കാണിച്ച സവര്‍ണ സിനിമാലോബി ആക്രോശിച്ചത് ഒരു കഥാപാത്രത്തിനു നേരെയല്ല. പാര്‍ശ്വവല്‍കൃതരായ ഒരു സമൂഹത്തിനു നേരെ ആയിരുന്നു. “നിന്റെയൊക്കെ” എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ ഇന്നെല്ലാവര്‍ക്കും ആയി. അവരൊക്കെ നവമാധ്യമങ്ങളില്‍ സജീവവുമാണ്. ഇന്നവര്‍ പ്രതികരിക്കുമ്പോള്‍ ദളിതര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന ഡയലോഗുകള്‍ മലയാളസിനിമയില്‍ തീരെ ഇല്ലാതില്ല എന്ന് തോന്നിപ്പോകും.

“ഈ ഊരൂട്ടമ്പലം സ്‌കൂളില്‍ ഒരു പൊലയക്കുട്ടി പഠിച്ചാല്‍ നിന്റെയൊക്കെ നായര്‍ പ്രമാണിത്തം പോകുന്നെങ്കില്‍ അങ്ങ് പോട്ടെ”- മമ്മൂട്ടി “യുഗപുരുഷന്‍” എന്ന ചിത്രത്തില്‍ ഈ ഡയലോഗ് സവര്‍ണ ചിന്താഗതിക്കാരായ ഓരോ മലയാളസിനിമാക്കാരോടും ആണ് എന്ന് സങ്കല്‍പ്പിക്കാന്‍ തോന്നുന്നു.