Sports News
വിരാടിന്റെ സെഞ്ച്വറിയും ഇഷാന്റെ ഡബിള്‍ സെഞ്ച്വറിയും, ഇപ്പോള്‍ മൊഹാലിയും; രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് മധുരമേറെ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 23, 11:42 am
Saturday, 23rd September 2023, 5:12 pm

ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. അപെക്‌സ് ബോര്‍ഡ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച രാഹുല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഈ വിജയത്തിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. 27 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓസീസിനെ മൊഹാലിയില്‍ പരാജയപ്പെടുത്തുന്നത്. 1996ലെ ടൈറ്റന്‍ കപ്പിലാണ് ഇന്ത്യ ഇതിന് മുമ്പ് കങ്കാരുക്കളെ മൊഹാലിയില്‍ വെച്ച് പരാജയപ്പെടുത്തിയത്.

ഈ മാച്ച് രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ മറ്റൊരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. ഇതോടെ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ലക്കി ചാമായും മാറി. ഇന്ത്യന്‍ ടീമിന്റെ മാത്രമല്ല വിരാട് അടക്കമുള്ള പല താരങ്ങളുടെയും ലക്കി ചാമാണ് രാഹുല്‍.

പല താരങ്ങളും തങ്ങളുടെ കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ വിരാട് അടക്കമുള്ള പല താരങ്ങളുടെ തിരിച്ചുവരവിനും ലഖ്‌നൗ നായകന്റെ ക്യാപ്റ്റന്‍സി കാരണമായിട്ടുണ്ട്.

2019ന് ശേഷം വിരാട് ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടുന്നത് രാഹുലിന്റെ കീഴിലാണ്. ഫോമില്ലായ്മയില്‍ ഏറെ നാള്‍ വലഞ്ഞ വിരാടിന്റെ തിരിച്ചുവരവിലെ പ്രധാന ഏടായിരുന്നു ഈ സെഞ്ച്വറി.

ശുഭ്മന്‍ ഏകദിനത്തിലും ടെസ്റ്റിലും ആദ്യ സെഞ്ച്വറി കണ്ടെത്തുന്നത് രാഹുല്‍ ക്യാപ്റ്റനായിരിക്കവെയാണ്. ഇഷാന്‍ കിഷാന്റെ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയപ്പോഴും ക്യാപ്റ്റന്‍ രാഹുല്‍ തന്നെയായിരുന്നു.

2019ന് ശേഷം ചേതേശ്വര്‍ പൂജാര ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയതും രാഹുലിന് കീഴില്‍ തന്നെ.

ഷര്‍ദുല്‍ താക്കൂര്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് നേടിയപ്പോഴും ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. 2022 ജനുവരിയിലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലായിരുന്നു താക്കൂറിന്റെ ഏഴ് വിക്കറ്റ് നേട്ടം. ടെസ്റ്റ് ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

 

ടി-20യില്‍ ഭുവനേശ്വര്‍ കുമാറിന്റെ മികച്ച വ്യക്തിഗത പ്രകടനവും (5/4) ടെസ്റ്റില്‍ കുല്‍ദീപ് യാദവിന്റെ മികച്ച വ്യക്തിഗത പ്രകടനവും (5/40) പിറന്നത് രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയായിരുന്നു.

ഇനി നടക്കാനിരിക്കുന്ന മത്സരത്തിലും രാഹുലിന്റെ ക്യാപ്റ്റന്‍സി മാജിക് പലതും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സെപ്റ്റംബര്‍ 24നാണ് ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

 

Content highlight: Personal milestones of players under KL Rahul’s captaincy