കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഒന്നാം പ്രതി പീതാംബരന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അഡ്വ. ബി.എ ആളൂര്‍. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കേസിലെ മറ്റ് പ്രതികളും ഒന്നാം പ്രതിയായിട്ടുള്ള പീതാംബരന്റെ വീട്ടുകാരും എന്നെ സമീപിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് വേണ്ടിയും മറ്റ് പ്രതികളുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയും വക്കാലത്ത് നല്‍കും. പീതാംബരന്റെ വീട്ടുകാരുമായി സംസാരിച്ചു കഴിഞ്ഞു. പ്രതിയെ കാണാന്‍ സാധിച്ചിട്ടില്ല. പറ്റിയാല്‍ ഇന്ന് കാണും.’
വിശദമായി വാദം കേട്ട ശേഷം 25 ന് കേസ് ഡയറി ഹാജറാക്കാന്‍ കോടതി ആവശ്യപ്പെട്ടു. സുബീഷിന്റ കുടുംബമാണ് ആളൂരിനെ വക്കാലത്ത് ഏല്‍പ്പിച്ചത്. നേരത്തെ കേസിലെ 9,10,11 പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഡ്വ: രാംകുമാറാണ് ഇവര്‍ക്കായി കോടതിയില്‍ ഹാജരായത്.
എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കേസിലെ എട്ടാം പ്രതിയായ സുബീഷിന്റ ജാമ്യാപേക്ഷ ജില്ല കോടതി പരിഗണിച്ചത്.