പെരിയ ഇരട്ടക്കൊല; കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ജയില്‍ മോചിതരായി
Kerala News
പെരിയ ഇരട്ടക്കൊല; കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ജയില്‍ മോചിതരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 10:17 am

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് സി.പി.ഐ.എം നേതാക്കള്‍ ജയില്‍ മോചിതരായി.

പ്രതികളെ സ്വീകരിക്കാന്‍ എം.വി. ജയരാജന്‍, പി. ജയരാജന്‍, സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും ജയിലിന് മുമ്പില്‍ എത്തിയിരുന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍, പ്രാദേശിക സി.പി.ഐ.എം നേതാക്കളായ കെ. മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെ.വി. ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

അതേസമയം സി.പി.ഐ.എമ്മിനെതിരായ സി.ബി.ഐയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും തങ്ങള്‍ നിരപാരാധികള്‍ ആണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും പ്രതികള്‍ പറഞ്ഞു. സി.പി.ഐ.എം നേതാക്കള്‍ ആയതിനാലാണ് തങ്ങളെ കേസില്‍പ്പെടുത്തിയതെന്ന് കെ.വി. കുഞ്ഞിരാമന്‍ പ്രതികരിച്ചു.

സി.ബി.ഐയുടെ കള്ളക്കഥയുടെ ഭാഗമാണ് ആ കേസെന്നും അത് കോടതിക്ക് ബോധ്യമായതിനാലാണ് ജയില്‍ മോചിതരായതെന്ന് എം.വി. ജയരാജനും പറഞ്ഞു. സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി.ബി.ഐ നടത്തിയ രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളേയും അഞ്ച് വര്‍ഷത്തെ തടവിനാണ് കൊച്ചിയിലെ സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഇതാണ് ഹൈക്കോടതി മരവിപ്പിച്ചത്.

ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അഞ്ച് വര്‍ഷം തടവിന് പുറമെ 10,000 രൂപ പിഴയും സി.ബി.ഐ കോടതി ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നു.

24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇതില്‍ എ.പീതാംബരന്‍, സജി.സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍ കുമാര്‍ തുടങ്ങിയ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തവും കോടതി വിധിച്ചിരുന്നു.

2019 ഫെബ്രുവരിയി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നത്. കാറിലെത്തിയ അക്രമിസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത് ലാല്‍ മരിക്കുന്നത്.

ആദ്യം ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് തുടര്‍നടപടികള്‍ ആരംഭിക്കാനിരിക്കവെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരിയില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിച്ചു.

Content Highlight: Periya double murder; K.V.  Kunhiraman and Four accused were released from jail