Film News
മലയാളത്തില്‍ ആകെ മൂന്ന് ചിത്രങ്ങള്‍, മൂന്ന് ലെവലില്‍; കണ്ണൂര്‍ സ്‌ക്വാഡിലും ഞെട്ടിച്ച് അര്‍ജുന്‍ രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 02, 07:53 am
Monday, 2nd October 2023, 1:23 pm

മലയാളത്തില്‍ ഇതുവരെ ചെയ്തിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. എങ്കിലും അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. പടയിലെ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കേ എന്ന ബ്യൂറോക്രാറ്റായും ഡിയര്‍ ഫ്രണ്ടിലെ വഞ്ചിതനായ ശ്യാമായും വന്ന അര്‍ജുനെ അന്നേ സിനിമാ ലോകം നോട്ട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ടും രണ്ട് തലത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍.

ആ കഥാപാത്രങ്ങളുടെ ഡെപ്ത്തും സ്വഭാവവും അറിഞ്ഞുചെയ്തിട്ടുണ്ടായിരുന്നു അര്‍ജുന്‍. 2017 മുതല്‍ തന്നെ വിവിധ ഹിന്ദി സിനിമാ-സീരിസുകളില്‍ അഭിനയിച്ച അര്‍ജുന്റെ പ്രൊഫഷണല്‍ വഴക്കം ഈ കഥാപാത്രങ്ങളില്‍ എടുത്തുകാണാമായിരുന്നു.

 

*****************SPOILER ALERT***************

 

ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിലൂടെയും ഞെട്ടിക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ട്രെയ്‌ലറിലൂടെയോ പോസ്റ്ററിലൂടെയോ പുറത്ത് വിടാത്ത കഥാപാത്രമാണ് അര്‍ജുന്‍ രാധാകൃഷ്ണന്റെ അമീര്‍. അതിനാല്‍ തന്നെ സിനിമ കാണുന്നവര്‍ക്ക് അര്‍ജുന്‍ ഒരു സര്‍പ്രൈസായിരുന്നു.

ഡിയര്‍ ഫ്രണ്ടിലേയും പടയിലേയും കഥാപാത്രങ്ങളില്‍ നിന്നും ബഹുദൂരം മാറിനില്‍ക്കുന്ന കഥാപാത്രമാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അമീര്‍. അതിനോട് തുലനം ചെയ്യാന്‍ പോലുമാവില്ല അമീറിനെ. ബുദ്ധിമാനായ ക്രിമിനലാണ് അമീര്‍. സഹോദരനായ സുള്‍ഫി ഫാമിലി സെന്റിമെന്റ്‌സില്‍ വിഴുമ്പോഴും അത് പൊലീസിന് തങ്ങളിലേക്കുള്ള കച്ചിത്തുരുമ്പാവുമെന്ന് അമീറിന് അറിയാം.

പണത്തിനോടുള്ള ആര്‍ത്തിയാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. അഗ്രസീവും സുപ്പീരിയര്‍ നേച്ചറുമാണ് ഈ കഥാപാത്രത്തിന്. ഈ രണ്ട് ഘടകങ്ങളും അനായാസും അര്‍ജുന്റെ പ്രകടനത്തിലേക്ക് വന്നിട്ടുണ്ട്.

പ്രതീക്ഷ വെക്കാവുന്ന നടനാണ് അര്‍ജുനെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചതാണ്. കഥാപാത്രങ്ങളുടെ സെലക്ഷനും അതിനൊരു കാരണമാണ്. അദ്ദേഹത്തില്‍ നിന്നും ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചേക്കാം.

Content Highlight: Performance of Arjun Radhakrishnan in Kannur Squad