'സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പാര്‍ട്ടിമാറിയിട്ടും തോറ്റത്'; മഹാരാഷ്ട്രയില്‍ എന്‍.ഡി.എയിലെത്തി തോറ്റ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് ശരത് പവാര്‍
By Election
'സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പാര്‍ട്ടിമാറിയിട്ടും തോറ്റത്'; മഹാരാഷ്ട്രയില്‍ എന്‍.ഡി.എയിലെത്തി തോറ്റ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് ശരത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 9:33 pm

മൂംബൈ: വലിയ പ്രതീക്ഷയോടെ കാത്തിരുന്ന വിജയം മഹാരാഷ്ട്രയില്‍ എന്‍.ഡി.എക്ക് നിരാശയാണ് നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പി യില്‍ നിന്നും എന്‍.ഡി.എയിലെത്തി മത്സരിച്ചെങ്കിലും കൂട്ടത്തോല്‍വിയാണ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുവാങ്ങിയത്. ഇരു പാര്‍ട്ടികളില്‍ നിന്നും എന്‍.ഡി.എയിലെത്തി മത്സരിച്ച പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് തോല്‍വിയുടെ കയ്പറിഞ്ഞത്.

സ്വഭാവം ജനങ്ങള്‍ നേരത്തേ അറിഞ്ഞുകഴിഞ്ഞതുകൊണ്ടാണ്് പാര്‍ട്ടിവിട്ട് എന്‍.ഡി.എയിലെത്തിയ നേതാക്കള്‍ തോറ്റതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. അധികാരം ലക്ഷ്യമിട്ട് എന്‍.ഡി.എക്കൊപ്പം പാഞ്ഞവരാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാര ധാര്‍ഷ്ട്യം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നു. 288 നിയമസഭാ സീറ്റുകളില്‍ 220 ലും ബി.ജെ.പി-ശിവസേന സഖ്യം ജയിച്ചുകയറുമെന്ന പ്രവചനങ്ങളും അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.

ചുരുക്കം ചില ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂറുമാറല്‍ ജനം അംഗീകരിക്കില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ കൂറുമാറിയത് മുന്‍നിര്‍ത്തിയായിരുന്നു പവാറിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനം തങ്ങളോട് പ്രതിപക്ഷത്തിരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പുതിയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. പ്രതിപക്ഷത്ത് തുടരാനാണ് ജനം ഞങ്ങളോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു’, പവാര്‍ കൂട്ടിച്ചേര്‍ത്തു.