ജനങ്ങള്‍ എന്നെ വിശ്വസിക്കണം, ഞങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്; സൗജന്യ വൈദ്യുത പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ കെജ്‌രിവാള്‍
national news
ജനങ്ങള്‍ എന്നെ വിശ്വസിക്കണം, ഞങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്; സൗജന്യ വൈദ്യുത പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 5:07 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ച സൗജന്യ വൈദ്യുത പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ സൗജന്യ വൈദ്യുത പദ്ധതിക്കെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുത പദ്ധതിയിലെ സബ്‌സിഡിയിലെ ക്രമക്കേടുകടുകള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സക്‌സേന നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശമിറക്കിയിരിക്കുന്നത്.

മദ്യനയവുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ പദ്ധതിയില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുന്നത്.

രാജ്യത്ത് എ.എ.പിയുടെ വളര്‍ച്ച തടയുന്നതിലുള്ള ബി.ജെ.പിയുടെ ഏറ്റവും പുതിയ ശ്രമമാണിതെന്നാണ് കെജ്‌രിവാളിന്റെ വാദം. ജനങ്ങള്‍ക്ക് ഉപകാര പ്രദമായ പദ്ധതിയാണിത്. ഇത് ഭംഗിയായി മുന്നോട്ടുപോകുന്നതിലുള്ള അമര്‍ഷമാണ് ബി.ജെ.പി സര്‍ക്കാരിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ തന്നെ വിശ്വസിക്കണമെന്നും സൗജന്യ വൈദ്യുതി പദ്ധതി ഒരു കാരണവശാലും നിര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളും തന്നെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ദല്‍ഹിയിലെ ജനങ്ങള്‍ എന്നെ വിശ്വസിക്കണം. സൗജന്യ വൈദ്യുത പദ്ധതി ഒരു കാരണവശാലും നിര്‍ത്താന്‍ ഞാന്‍ അനുവദിക്കില്ല. ഗുജറാത്തിലെ ജനങ്ങളും എന്നെ വിശ്വസിക്കണം. സംസ്ഥാനത്ത് എ.എ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ സൗജന്യ വൈദ്യുതി നല്‍കി തുടങ്ങും’- കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പി കോട്ടയായ ഗുജറാത്തില്‍ ഇക്കുറി വിജയിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആം ആദ്മി. ഡിസംബറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ദല്‍ഹിക്കും പഞ്ചാബിനും പുറമേ എ.എ.പി മൂന്നാമതായി ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെയാണ്. നിരവധി വാഗ്ദാനങ്ങളാണ് കെജ്‌രിവാള്‍ ഗുജറാത്തില്‍ പറഞ്ഞിരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി നല്‍കിയിരിക്കുന്നത്.

Content Highlight; People should believe me, this is BJP’s attempt to destroy us; Kejriwal on allegations against free electricity scheme