'ഇ.ഡിയെ പേടിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സിനിമാക്കാർ ഭയക്കുന്നു'; ശ്രീധരൻപിള്ളയെ വേദിയിലിരുത്തി അടൂർ
Kerala News
'ഇ.ഡിയെ പേടിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സിനിമാക്കാർ ഭയക്കുന്നു'; ശ്രീധരൻപിള്ളയെ വേദിയിലിരുത്തി അടൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2023, 9:33 am

തിരുവനന്തപുരം: സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ സിനിമാക്കാർ ഇ.ഡി വരുമോ എന്ന് ഭയക്കുന്നത് കൊണ്ട് പറയുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ ശ്രീധരൻ പിള്ളയെ വേദിയിലിരുത്തിയായിരുന്നു അടൂരിന്റെ പരാമർശം.

എഴുത്തുജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നൽകിയ അനുമോദനചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.

‘തെറ്റായ കാര്യങ്ങൾ തുറന്നുപറയാത്ത പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ.

ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ല,’ അടൂർ പറഞ്ഞു.
കലാബോധവും സാഹിത്യബോധവുമുള്ള നേതാക്കൾക്കേ ജനങ്ങളുമായി ഇടപഴകാൻ സാധിക്കൂ എന്നും അടൂർ പറഞ്ഞു.

അതേസമയം, വൈകാരികതയല്ല മനുഷ്യനെ നയിക്കേണ്ടതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യവും വ്യത്യസ്തതയുമാണെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. രാജ്യതാത്പര്യങ്ങളെ സംരക്ഷിക്കേണ്ട സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: People in film industry refrain from addressing social injustices fearing ED: Adoor gopalakrishnan