ഹൂത്തികളുടെ ആക്രമണം സങ്കീര്‍ണം; ഹൂത്തികള്‍ ചെങ്കടലില്‍ മിസൈല്‍-ഡ്രോണാക്രമണം നടത്തിയത് 26 തവണയെന്ന് പെന്റഗണ്‍
വാഷിങ്ടണ്‍: യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ വ്യാപകമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണം സങ്കീര്‍ണവും വലുതുമാണെന്നും പെന്റഗണ്‍ പറഞ്ഞു.
ഹൂത്തികളുടെ ആക്രമണങ്ങളെ തങ്ങള്‍ പ്രതിരോധിച്ചതായും മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് ഹൂത്തി മേധാവികളെ പിന്തിരിപ്പിച്ചതായും പെന്റഗണ്‍ അവകാശപ്പെട്ടു.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലേക്ക് നിരോധിത മിസൈലുകളും ഡ്രോണുകളും ഹൂത്തി വിമതര്‍
വിക്ഷേപിച്ചിട്ടുണ്ടെന്ന് പശ്ചിമേഷ്യയിലെയും മധ്യേഷയിലെയും സൈനിക പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് സെന്‍ട്രല്‍ കമാന്റായ സെന്റ് കോം ചൂണ്ടിക്കാട്ടി.
പതിനെട്ട് വണ്‍വേ ഡ്രോണുകള്‍, രണ്ട് ക്രൂയിസ് മിസൈലുകള്‍, ഒരു ബാലിസ്റ്റിക് മിസൈല്‍ തുടങ്ങിയവയെ അമേരിക്കയും ബ്രിട്ടീഷും സംയുക്തമായി വെടിവെച്ചിട്ടെന്നാണ് പെന്റഗണിന്റെ വാദം. ആക്രമണത്തിന് നേതൃത്വം നല്‍കിയത് അമേരിക്കന്‍ എഫ്18 എന്ന യുദ്ധക്കപ്പലാണെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ യാതൊരു വിധത്തിലുള്ള പരിക്കുകളും നാശനഷ്ടങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു.
പെന്റഗണ്‍ കേന്ദ്രങ്ങളുടെ കണക്കുകള്‍ അനുസരിച്ച് സമുദ്ര പാതകളിലൂടെ കടന്നുപോവുന്ന കപ്പലുകള്‍ക്ക് നേരെയും മറ്റുമായി 26 തവണ ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് സൂചിപ്പിക്കുന്നത്.
ഇസ്രഈലി തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്ന എല്ലാ കപ്പലുകളെയും തങ്ങള്‍ ആക്രമിക്കുമെന്ന് ഹൂത്തി തലവന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച സാഹചര്യത്തില്‍ ഏതാനും രാജ്യങ്ങള്‍ തങ്ങളുടെ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗസയിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ കപ്പലുകളെ ലക്ഷ്യമിടുമെന്നാണ് ഹൂത്തികള്‍ അറിയിച്ചിരുന്നത്.
ഹൂത്തികളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമേ തങ്ങള്‍ ആക്രമിക്കൂ എന്നറിയിച്ച ഹൂത്തികള്‍ അമേരിക്കയുടെ സേനയില്‍ ചേരുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന് അറിയിച്ചിരുന്നു.
Content Highlight: Pentagon says Houthis have launched 26 missile-drone attacks in Red Sea