സീതയുടെയും റാമിന്റേയും യാത്ര; പെണ്‍പൂവേ വീഡിയോ ഗാനം
Film News
സീതയുടെയും റാമിന്റേയും യാത്ര; പെണ്‍പൂവേ വീഡിയോ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st September 2022, 1:02 pm

അടുത്തിടെ തെന്നിന്ത്യന്‍ സിനിമ ലോകം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ലഫ്. റാമിന്റെ പ്രണയ കഥയാണ് പറയുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീതാ രാമത്തിലെ പെണ്‍പൂവേ എന്ന പാട്ടിന്റെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിലൂടെയാണ് പാട്ടിന്റെ തമിഴ്, തെലുങ്ക്, മലയാളം വേര്‍ഷനുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. സീതയുടെയും റാമിന്റേയും യാത്രയാണ് പാട്ടില്‍ കാണിക്കുന്നത്. ശരത്തും നിത്യാ മാമനും ചേര്‍ന്നാണ് പെണ്‍പൂവേ എന്ന പാട്ട് പാടിയിരിക്കുന്നത്.

ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ദുല്‍ഖര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ‘സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്‌നേഹത്തിനും നന്ദി, എന്നാണ് കളക്ഷന്‍ വിവരം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. പതിനഞ്ച് ദിവസം കൊണ്ട് 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു.

അതേസമയം, സീതാ രാമം ഹിന്ദിയിലും റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെന്‍ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയേറ്റര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഹിന്ദിയുള്‍പ്പെടെ എല്ലാ വേര്‍ഷനുകളിലും ഡബ്ബ് ചെയ്തിരുന്നത്.

സെപ്റ്റംബറില്‍ തന്നെ റിലീസ് ചെയ്യുന്ന ചുപ്; ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlight: penpoove video song from sita ramam