ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരിട്ടത് രൂക്ഷ വിമര്‍ശനം. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് ഇവിടെ നിലപാട് ന്യായീകരിക്കാം. എന്നുവെച്ച് കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം നിഷേധിച്ചിട്ടില്ല. അതിനാല്‍, ഹരജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.
അതുകൊണ്ട് ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു, അതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി മേല്‍നോട്ടത്തിലായിരിക്കും.
വിവരസാങ്കേതിക വിദ്യ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന കാലമാണിത്. അതിനൊപ്പം തന്നെ പ്രധാനമാണ് പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നുള്ളതും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സ്വകാര്യതയുള്ളത്, എല്ലാ പൗരന്‍മാര്‍ക്കും സ്വകാര്യതയുണ്ട്, കോടതി പറഞ്ഞു.
സ്വകാര്യതയ്ക്കുള്ള അവകാശത്തിന് നിയന്ത്രണങ്ങളുണ്ട്, എന്നാല്‍ ആ നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇന്നത്തെ ലോകത്ത് സ്വകാര്യതയ്ക്ക് മേലുള്ള നിയന്ത്രണം തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനാണ്, ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയൂ,” വിധിയില്‍ പറയുന്നു.
ഇത്തരം നിരീക്ഷണങ്ങള്‍ ആളുകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും അവര്‍ വഹിക്കുന്ന പ്രധാന പങ്കിനെയും ബാധിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍.
സമിതിയില്‍ മൂന്ന് പേരുണ്ടാകും. ഇവരെ സഹായിക്കാന്‍ ഒരു സാങ്കേതിക കമ്മിറ്റിയുമുണ്ടാകും.
പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.
ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിവാദം കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.