ഞങ്ങള്‍ കളിക്കാന്‍ വന്നില്ലെങ്കില്‍ ആരും ലോകകപ്പ് കാണില്ല, നിങ്ങള്‍ ഇവിടെ വന്ന് കളിച്ചാലേ ഞങ്ങള്‍ ഇന്ത്യയില്‍ വന്ന് കളിക്കൂ; മുന്നറിയിപ്പുമായി പാകിസ്ഥാന്‍
Sports News
ഞങ്ങള്‍ കളിക്കാന്‍ വന്നില്ലെങ്കില്‍ ആരും ലോകകപ്പ് കാണില്ല, നിങ്ങള്‍ ഇവിടെ വന്ന് കളിച്ചാലേ ഞങ്ങള്‍ ഇന്ത്യയില്‍ വന്ന് കളിക്കൂ; മുന്നറിയിപ്പുമായി പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th November 2022, 10:13 pm

2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ക്രിക്കറ്റില്‍ ഇനി നടക്കാനിരിക്കുന്ന ഗ്ലോബല്‍ ഇവന്റ്. 2011ന് ശേഷം ലോകകപ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ച് നടക്കുന്നു എന്നതും ഇന്ത്യ ഇത്തവണ ലോകകപ്പിന് ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്നു എന്നതും 2023ലെ ഏകദിന ലോകകപ്പിന്റെ പ്രത്യേകതയാണ്.

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഈ ലോകകപ്പിനെ നോക്കിക്കാണുന്നത്. 2011ന് ശേഷം വീണ്ടും ക്രിക്കറ്റിന്റെ തലപ്പത്തേക്കെത്താന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഹോം ഗ്രൗണ്ട് നല്‍കാന്‍ പോകുന്ന അഡ്വാന്റേജും ചെറുതല്ല.

എന്നാല്‍ ലോകകപ്പിന് മുമ്പ് തന്നെ മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ ഇന്ത്യയിലേക്ക് വരില്ലെന്നാണ് റമീസ് രാജ നല്‍കുന്ന അന്ത്യശാസനം.

അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ നിന്നും ടൂര്‍ണമെന്റ് മാറ്റിയാലല്ലാതെ തങ്ങള്‍ ഏഷ്യാ കപ്പില്‍ കളിക്കില്ല എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇന്ത്യക്ക് കളിക്കാനായി ടൂര്‍ണമെന്റ് പാകിസ്ഥാന് പുറത്ത് വെച്ച് നടത്തുമെന്ന് നിലവിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനായ ജയ് ഷായും പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് റമീസ് രാജ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍ ലോകകപ്പ് കളിക്കാന്‍ വരാത്ത പക്ഷം ഒരാള്‍ പോലും ലോകകപ്പ് മത്സരങ്ങള്‍ കാണില്ലെന്നും പാകിസ്ഥാനില്‍ വന്ന് ടൂര്‍ണമെന്റ് കളിച്ചാല്‍ മാത്രമേ തങ്ങള്‍ ലോകകപ്പിന് വരികയെന്നും അദ്ദേഹം പറഞ്ഞു.

ഉറുദു ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റമീസ് രാജ ഇക്കര്യം പറഞ്ഞത്.

‘2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ആരാണ് മത്സരം കാണാന്‍ പോകുന്നത്? ഒരാളും തന്നെ കാണില്ല. ഞങ്ങളും കര്‍ക്കശമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും.

ഇന്ത്യ ഞങ്ങളുടെ രാജ്യത്ത് വന്ന് ടൂര്‍ണമെന്റ് കളിക്കുകയാണെങ്കില്‍ ഐ.സി.സി ഇവന്റ് കളിക്കുന്നതിനായി ഞങ്ങളും ഇന്ത്യയിലേക്ക് പോകും. ഇനി അഥവാ ഇന്ത്യ ഇങ്ങോട്ട് വരുന്നില്ല എന്നാണെങ്കില്‍ ഞങ്ങളും ഇന്ത്യയിലേക്ക് വരില്ല. ഞങ്ങള്‍ക്ക് ലോകകപ്പില്‍ വലിയ താത്പര്യമൊന്നുമില്ല.

ഞങ്ങളുടെ ടീം മികച്ച പ്രകടനം തന്നെയണ് പുറത്തെടുക്കൊണ്ടിരിക്കുന്നത്. അത് ഞങ്ങളുടെ ക്രിക്കറ്റ് എക്കോണമിയെ മെച്ചപ്പെടുത്തും. 2021 ഐ.സി.സി ടി-20 ലോകകപ്പിലും 2022 ഏഷ്യാ കപ്പിലും ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിയവരാണ്,’ റമീസ് രാജ് കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് പുറമെ 2025 ചാമ്പ്യന്‍സ് ട്രോഫിക്കും പാകിസ്ഥാനാണ് ആതിഥേയരാകുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബി.സി.സി.ഐ എപ്രകാരമാണ് വിഷയത്തെ സമീപിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content Highlight: PCB chairman Ramiz Raja says if Indian team doesn’t come for the Asia Cup, then we won’t go for the World Cup in India