ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതുമായി വിവാദങ്ങള്‍ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പരിഹരിച്ചത്. തങ്ങളുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തുള്ള മറ്റേതെങ്കിലും സ്റ്റേഡിയത്തില്‍ നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഐ.സി.സി അംഗീകരിക്കുകയും ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ ദുബായില്‍ വെച്ച് നടത്തുകയുമായിരുന്നു.
ബി.സി.സി.ഐ ഈ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒരു ഐ.സി.സി ടൂര്‍ണമെന്റിനും പാകിസ്ഥാന്‍ ഇന്ത്യയിലെത്തില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ നിലപാടില്‍ ഉറച്ചുനിന്നാല്‍ 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ മത്സരങ്ങള്‍ ശ്രീലങ്കയില്‍ തന്നെ ഷെഡ്യൂള്‍ ചെയ്യപ്പെടും.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനെ കുറിച്ച് വിലയിരുത്തവെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അഡൈ്വസര്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാകിസ്ഥാന് എന്തെങ്കിലും സാമ്പത്തിക നഷ്ടം വരുന്നുണ്ടെങ്കില്‍ അതിലും വലിയ നഷ്ടം ഇന്ത്യയ്ക്ക് സഹിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
‘ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പില്‍ പാകിസ്ഥാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെങ്കില്‍, പാകിസ്ഥാന്‍ ഇന്ത്യയിലെത്താത് കാരണം ഇന്ത്യയ്ക്ക് ഇതിലും ഭീകരമായ നഷ്ടമുണ്ടാകും,’ എന്നാണ് പി.സി.ബി അഡൈ്വസര്‍ പറഞ്ഞത്.
PCB advisor said, “If Pakistan is going to suffer any financial loss in the Champions Trophy, then India will suffer a bigger loss due to Pakistan not touring India.” pic.twitter.com/XD9uOUILVV
— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) March 20, 2025
ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പില്‍ പാകിസ്ഥാന് വലിയ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 85 മില്യണോളം ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി 58 മില്യണ്‍ ഡോളറും ടൂര്‍ണമെന്റിന്റെ സംഘാടനത്തിനായി 40 മില്യണ്‍ ഡോളറും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ചെലവഴിക്കേണ്ടി വന്നുവെന്നും എന്നാല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമായി ആറ് മില്യണ്‍ മാത്രമാണ് തിരിച്ചുകിട്ടിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിലൂടെ തങ്ങള്‍ക്ക് പത്ത് മില്യണ്‍ ഡോളര്‍ (ഏകദേശം 86 കോടി) ലാഭം നേടാനായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ പി.സി.ബി നഷ്ടം നേരിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പി.സി.ബി വക്താവ് ആമിര്‍ മിര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജാവേദ് മുര്‍താസ എന്നിവര്‍ മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്.
🚨 PCB SAYS NO LOSS FOR CT. 🚨
– PCB claims 86.25cr INR profit for hosting 2025 Champions Trophy in Pakistan. pic.twitter.com/UJuYiJRscu
— Mufaddal Vohra (@mufaddal_vohra) March 21, 2025
‘ടൂര്‍ണമെന്റിന്റെ എല്ലാ ചെലവുകളും ഐ.സി.സിയാണ് വഹിച്ചത്. ഗേറ്റ് മണിയിലൂടെയും ടിക്കറ്റ് വില്‍പ്പനയിലൂടെയും പി.സി.ബി വരുമാനം നേടി,’ മുര്‍താസ പറഞ്ഞു.
65 കോടി രൂപയാണ് തുടക്കത്തില്‍ ലാഭം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ തങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കൂടുതല്‍ ലാഭം ലഭിച്ചെന്നും ഇവര്‍ പറഞ്ഞു.
ഫിനാന്‍ഷ്യല്‍ ഓഡിറ്റിന് ശേഷം ഐ.സി.സിയില്‍ നിന്നും മറ്റൊരു 61 കോടി രൂപ പ്രതീക്ഷിക്കുന്നതായും 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 40 ശതമാനം വര്‍ധിച്ചുവെന്നും ഇവര്‍ അവകാശപ്പെട്ടു.
Content Highlight: PCB advisor says If Pakistan is going to suffer any financial loss in the Champions Trophy, then India will suffer a bigger loss due to Pakistan not touring India