കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങളിലെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് എം.എല്‍.എ.
കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് പങ്കെടുത്ത പരിപാടിക്കിടെ കൂകിവിളിയും സംഘര്‍ഷവുമുണ്ടായത് വാര്‍ത്തയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യും’, പി.സി ജോര്‍ജ്ജ് പറഞ്ഞു.
മാര്‍ച്ച് 22നാണ് പി.സി ജോര്‍ജ് പങ്കെടുത്ത പ്രചരണ പരിപാടിയില്‍ നാട്ടുകാര്‍ കൂകി വിളിച്ച് രംഗത്തെത്തിയത്.
തുടര്‍ന്ന് കൂകി വിളിച്ച നാട്ടുകാരെ പി.സി ജോര്‍ജ് തിരിച്ച് തെറിവിളിക്കുകയായിരുന്നു. തീക്കോയി പഞ്ചായത്തിലെ പര്യടനത്തിനിടെയായിരുന്നു സംഭവം.
തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന പി.സി ജോര്‍ജിനെ കൂവലിന്റെ അകമ്പടിയോടെയാണ് നാട്ടുകാര്‍ വരവേറ്റത്. മേയ് രണ്ടിന് താന്‍ എം.എല്‍.എയാകുമെന്നും അന്ന് ഇവിടെ വരുമെന്നും ജോര്‍ജ് കൂവി വിളിക്കുന്നവരോട് പറയുന്നുണ്ട്.
‘അങ്ങനെ പേടിപ്പിക്കല്ലേ. കൂവി വിളിച്ചാ ഓടുന്ന ഏഭ്യനല്ല ഞാന്‍. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവര്‍ തൊപ്പിയില്‍ വോട്ട് ചെയ്യുക. നിന്റെയൊക്കെ വീട്ടില്‍ ഇങ്ങനെ കാര്‍ന്നോന്മാര്‍ പഠിപ്പിച്ചുവിടുന്നതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്’, ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ ജനിച്ച് വളര്‍ന്നവനാണ് താനെന്നും ആരു കൂവിയാലും ഓടില്ലെന്നും ജോര്‍ജ് പറയുന്നുണ്ട്.