Kerala News
പി. സി ചാക്കോ എന്‍.സി.പിയിലേക്ക്; ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 05:43 am
Tuesday, 16th March 2021, 11:13 am

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍.സി.പിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍.സി.പി ദേശീയ നേതാവ് ശരദ് പവാറുമായി ഇന്ന് ചാക്കോ കൂടിക്കാഴ്ച നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കായി പി. സി ചാക്കോ പ്രചാരണത്തിന് ഇറങ്ങിയേക്കും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും പി സി ചാക്കോ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി. പി. പീതാംബരന്‍ നേരത്തെ രംഗത്തതെത്തിയിരുന്നു. എന്‍.സി.പിയുമായി സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ചാക്കോയെന്നും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും പീതാംബരന്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചാക്കോ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡില്‍ ജനാധിപത്യമില്ലെന്നും പലതവണ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എം സുധീരനും താനും പലപ്പോഴും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം ഇത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

കേരളത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. മറ്റൊരു പരിഗണനയും ഭാരവാഹിത്വത്തിനോ സ്ഥാനാര്‍ത്ഥിത്വത്തിനോ നല്‍കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാവുന്നില്ല. സീറ്റുകള്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായി വീതം വെക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നത് ബി.ജെ.പിയുടെ കഴിവുകൊണ്ടല്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദേശീയ നേതൃത്വത്തിനെതിരെ കത്തു നല്‍കിയവര്‍ തന്നെ സമീപിച്ചിരുന്നു എന്നാല്‍ താനതില്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കിലും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ശരിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.

1980ല്‍ പിറവത്തു നിന്നാണ്. പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. 1975ല്‍ അദ്ദേഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലുമിരുന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC Chacko will join NCP after meeting with Sharad Pawar