വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു, കലോത്സവ പാചകത്തിന് ഇനിയില്ല: പഴയിടം മോഹനന്‍ നമ്പൂതിരി
Kerala News
വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു, കലോത്സവ പാചകത്തിന് ഇനിയില്ല: പഴയിടം മോഹനന്‍ നമ്പൂതിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th January 2023, 10:07 am

കോഴിക്കോട്: കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്നും പഴയിടം വ്യക്തമാക്കി.

‘ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. കേരളത്തിലെ മാറിയ സാഹചര്യത്തില്‍ അടുക്കള നിയന്ത്രിക്കുന്നതില്‍ തനിക്ക് ഭയമുണ്ട്.

ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതി.

ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല.

കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ വിടവാങ്ങുന്നു,’ പഴയിടം പറഞ്ഞു.

വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളിവാരിയെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാന്‍ഡ് തന്നെയാണ്.

പുതിയകാലത്തിന്റെ കലവറകളില്‍ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല. മാംസഭക്ഷണം ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ലെന്ന് പഴയിടം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pazhayidam Mohanan Namboothiri on Kalotsavam Cooking