കോട്ടയം: പഴയിടം ഇരട്ടക്കൊലക്കേസ് പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. പത്ത് വർഷം മുമ്പ് നടന്ന കേസിലാണ് വിധി. ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ. നാസർ നിരീക്ഷിച്ചു.
വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട് അരുൺ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും സഹോദരിക്കും കുടുംബത്തിനും അരുൺമാത്രമേ ആശ്രയമായുള്ളൂവെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി വധശിക്ഷക്ക് വിധിച്ചത്.
അതേസമയം പ്രതിയുടെ പ്രായവും മറ്റ് കാരണങ്ങളും പരിഗണിക്കരുതെന്നും വൃദ്ധ ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് പുറമെ മറ്റ് പല കേസുകളിലും ഇയാൾ പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായർ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് പോയി മടങ്ങിയെത്തിയ ദമ്പതികളെ അരുൺ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടേയും കൈവശമുള്ള പണം ആഗ്രഹിച്ചായിരുന്നു കൊലപാതകം.
ആസൂത്രിതമായായിരുന്നു അരുൺ കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ഉണ്ടാകുമെന്ന് മുന്നിൽക്കണ്ട പ്രതി മൃതദേഹങ്ങൾക്ക് സമീപം മഞ്ഞൾപ്പൊടി വിതറുകയും, സംഘം ചേർന്നുള്ള കൊലപാതകമെന്ന് വരുത്തി തീർക്കാൻ കോടാലിയും മറ്റ് ആയുധങ്ങളും അലക്ഷ്യമായി വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇവരെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഇയാൾ സൂക്ഷിക്കുകയും ചെയ്തു.
കാറ് വാങ്ങാൻ പണം ആവശ്യം വന്നതാണ് അരുണിനെ കൊലപാതകത്തിലേക്ക് നയിച്ചത്. തങ്കമ്മയുടെ സ്വർണം മോഷ്ടിച്ച് വിൽപന നടത്തിയെങ്കിലും പണം തികയാതെ വന്നതോടെ അരുൺ പല മോഷണങ്ങളും പിന്നാലെ നടത്തിയിരുന്നു. ഇതിൽ യുവതിയുടെ മാല പൊട്ടിച്ചോടിയ സംഭവത്തോടെയാണ് അരുൺ പൊലീസിന്റെ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനൊടുവിൽ പല മോഷണക്കേസുകളും ഇയാൾ സമ്മതിക്കുകയും ചെയ്തതോടെയാണ് ദമ്പതികളുടെ കൊലപാതകത്തിൽ അരുണിന് പങ്കുണ്ടെന്ന നിഗമനത്തിലേക്കെത്തുന്നത്.
കേസിൽ പ്രതിചേർത്ത് ശിക്ഷ ലഭിച്ചെങ്കിലും 2014ൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഒളിവിൽ പോയ അരുൺ പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കുകയും അവിടെ നിന്നും പൊലീസ് ഇയാളെ കേരള പൊലീസിന് കൈമാറുകയുമായിരുന്നു.
Content Highlight: Pazhayidam double murder: After 10 years, the court sentenced the accused to death