പവന്‍ കല്ല്യാണ്‍ ചിത്രം; ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷത്തില്‍ തെലുങ്കിലേക്കും; ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
Film News
പവന്‍ കല്ല്യാണ്‍ ചിത്രം; ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷത്തില്‍ തെലുങ്കിലേക്കും; ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th February 2024, 9:52 am

തെലുങ്ക് സിനിമാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒ.ജി’. സുജീത്ത് റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് നായകന്‍.

മാസങ്ങള്‍ക്ക് മുമ്പ് ഒ.ജിയുടെ ഗ്ലിംസ് വീഡിയോ പുറത്ത് വന്നത് മുതല്‍ ഈ സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം നിര്‍മിക്കുന്ന ഡി.വി.വി എന്റര്‍ടൈന്‍മെന്റാണ് ഈ കാര്യം പുറത്തുവിട്ടത്. പവന്‍ കല്യാണ്‍ ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 27ന് റിലീസിനെത്തും.

ഒരു വണ്ടിയില്‍ ചാരി കയ്യില്‍ ചായ ഗ്ലാസുമായി നില്‍ക്കുന്ന പവന്‍ കല്യാണിന്റെ പോസ്റ്ററും അവര്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മുംബൈ മാഫിയയെ ചുറ്റിപ്പറ്റിയുള്ള ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാകും ‘ഒ.ജി’.

ഈ ചിത്രത്തിലൂടെ ഇമ്രാന്‍ ഹാഷ്മി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടെയുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ ത്രീക്ക് ശേഷം അദ്ദേഹം വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രമാകും

പവന്‍ സംഗീത സംവിധായകന്‍ തമന്‍ എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന നാലാമത്തെ ചിത്രമാണ് ഇത്. ഇതിന് മുമ്പ് വക്കീല്‍ സാബ്, ഭീംല നായക്, ബ്രോ എന്നീ ചിത്രങ്ങളിലായിരുന്നു മുമ്പ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നത്. തമന്‍ എസ്. സംഗീതവും രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കും.

പവന്‍ കല്യാണിനും ഇമ്രാന്‍ ഹാഷ്മിക്കും പുറമെ പ്രിയങ്ക അരുള്‍ മോഹനും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അര്‍ജുന്‍ ദാസ്, അഭിമന്യു സിങ്ങ്, ഹരീഷ് ഉത്തമന്‍, അജയ് ഘോഷ്, ശുഭലേഖ സുധാകര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

Content Highlight: Pawan Kalyan Movie OG Release Date Out