national news
ലളിത്-നീരവ് മോദിമാരെ കൊണ്ട് വരൂ; ഞങ്ങളും മോദിക്ക് ഉജ്ജ്വല സ്വീകരണം നല്‍കാം: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 05:41 pm
Thursday, 25th May 2023, 11:11 pm

ന്യൂദല്‍ഹി: ലളിത് മോദിയെയും നീരവ് മോദിയെയും ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നല്‍കാമെന്ന് കോണ്‍ഗ്രസ്. നരേന്ദ്ര മോദി മൂന്ന് രാജ്യങ്ങളുടെ സന്ദര്‍ശനം നടത്തി തിരിച്ച് വന്ന വേളയില്‍ നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര.

‘ഞങ്ങളും ഉജ്ജ്വല സ്വീകരണം നല്‍കാം. പക്ഷേ മറ്റ് മോദിമാരെ കൂടി തിരിച്ച് കൊണ്ട് വരണമെന്ന നിബന്ധനയുണ്ട്. ലളിത് മോദിയെയും നീരവ് മോദിയെയും കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവരികയാണെങ്കില്‍ ഞങ്ങളും ദല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കം,’ അദ്ദേഹം പറഞ്ഞു.

മോദി തിരിച്ച് വന്നയുടനെ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ നിന്ന് അഞ്ച് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ വിലക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘മോദി തിരിച്ചെത്തി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയന്‍ സര്‍വകാലാശാല വിലക്കിയതായി പ്രഖ്യാപിച്ചു. ഇതാണോ പ്രധാനമന്ത്രിയുടെ നേട്ടം? ഈ വാര്‍ത്ത വരുമ്പോള്‍ അദ്ദേഹം എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തിയിട്ട് പോലുമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വിദേശത്ത് പോകുമ്പോഴെല്ലാം ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്.

അദ്ദേഹത്തിന് വലിയ പരിപാടികള്‍ ലഭിച്ചാലും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരിക്കണം പ്രാഥമിക ഉത്തരവാദിത്തം. അഞ്ച് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ വിലക്കിയ ഓസ്‌ട്രേലിയന്‍ നടപടിയില്‍ നിങ്ങള്‍ എന്ത് നിലപാടാണെടുത്തത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാകുന്ന വിഷയത്തില്‍ എപ്പോഴാണ് ചര്‍ച്ച നത്തുക,’ ഖേര പറഞ്ഞു.

ജന്തര്‍ മന്തിറിലെ ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

‘ശരിയായ ചിന്താഗതിക്കാരായ ഓരോ ഇന്ത്യക്കാരനും ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തിക്കാരെ പിന്തുണയ്ക്കുന്നു. പ്രിയങ്ക ഗാന്ധി സമരത്തില്‍ നേരിട്ടെത്തി പിന്തുണച്ചു. ഞങ്ങളുടെ നിരവധി നേതാക്കളും രാജ്യത്തെ ജനങ്ങളും ഗുസ്തി താരങ്ങളെ നേരിട്ടെത്തി പിന്തുണക്കുന്നു.

സമരസ്ഥലത്ത് നിന്ന് പ്രധാനമന്ത്രിക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം പോലും ഇല്ല. സ്മൃതി ഇറാനിയും മറ്റ് മന്ത്രിമാരും ജന്തര്‍ മന്തിറില്‍ നിന്ന് നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്. എന്നാല്‍ ഒരു മന്ത്രിയെ പോലും അവിടെ കാണാത്തത് നിര്‍ഭാഗ്യകരമാണ്,’ ഖേര പറഞ്ഞു.

CONTENT HIGHLIGHT: PAVAN KHERA ABOUT MODI