ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം; മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ പ്രതിഷേധം
Kerala News
ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം; മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2019, 9:22 am

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചതായി പരാതി. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 13നായിരുന്നു ബൈജു താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയനായത്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ബൈജുവിന്റെ അവസ്ഥ ഗുരുതരമാകുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

തുടര്‍ന്ന് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് വിദഗ്ധരായ ഡോക്ടറുടെ സംഘം ബൈജുവിനെ പരിശോധിക്കുകയും ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പിന്നീട് തിരികെ മെഡിക്കല്‍ കോളെജിലെക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഇന്നലെ വൈകീട്ടൊടെ രോഗി മരിക്കുകയായിരുന്നു. മൃതദേഹം ഇപ്പോഴും വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുകയാണ്. അധികൃതര്‍ എത്താതെ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.
DoolNews Video