ജയ്പൂര്‍: ഇന്ത്യന്‍ പൗരന്മാര്‍ യോഗ നടത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരമ്പരാഗത രീതികള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ കൊവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്യുന്നുവെന്ന അവകാശവാദവുമായി രാംദേവ്.
‘ഈ രാജ്യത്ത് ആളുകള്‍ യോഗ ചെയ്യുന്നു. കൊവിഡിനെതിരെ പോരാടുന്നതിന് അവര്‍ പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നു. ഇതാണ് ഞങ്ങള്‍ക്ക് ഉയര്‍ന്ന രോഗമുക്തി നേടാന്‍ കഴിയുന്നത്., ഓരോ ദിവസം കഴിയുന്തോറും ഇത് മെച്ചപ്പെടുന്നു. ഞങ്ങള്‍ക്ക് മരണനിരക്കും കുറവാണ്. പ്രകൃതിദത്തമായ ഒരു രീതി വികസിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുക, ആയുര്‍വേദ ചികിത്സ ഒരു മുഖ്യധാരാ ചികിത്സയാക്കുമെന്നും. ആയുര്‍വേദ രീതി ഉപയോഗിച്ച് അലോപ്പതി ചികിത്സാരീതികള്‍ മാറ്റിസ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം, ”രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
പതഞ്ജലി ആയുര്‍വേദിന്റെ സ്വാസരി കൊറോണില്‍ കിറ്റ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്നുണ്ടെന്നും അതിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും രാംദേവ് അവകാശപ്പെട്ടു.
നേരത്തെ കൊവിഡ് മരുന്ന് എന്ന് പറഞ്ഞ് രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണിലിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് രാംദേവ്, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണ, മറ്റ് മൂന്ന് എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് എടുത്തിരുന്നു.
കൊറോണിലിന്റെ പരസ്യം നിര്‍ത്തലാക്കാന്‍ ആയുഷ് മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ കൊവിഡ് അതിഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിലും കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി വ്യാജ വിവരങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.