ഇടിമിന്നലായി കമ്മിൻസ്; ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏഴാമനും രണ്ടാമനും ഇവൻ തന്നെ
Cricket
ഇടിമിന്നലായി കമ്മിൻസ്; ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏഴാമനും രണ്ടാമനും ഇവൻ തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2024, 8:16 am

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍വീയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് തകര്‍പ്പന്‍ ഹാട്രിക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. തൗഹിദ് ഹൃദോയ്, മഹമ്മദുള്ള, മെഹദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് കമ്മിന്‍സ് കരുത്ത്കാട്ടിയത്.

നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമായി മാറാനും കമ്മിന്‍സിന് സാധിച്ചു.

ഇതിനുപുറമേ ഇതിഹാസ താരം ബ്രറ്റ് ലിക്ക് ശേഷം ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ഹാട്രിക് നേടുന്ന താരമായി മാറാനും കമ്മിന്‍സിന് സാധിച്ചു. 2003 ലോകകപ്പില്‍ കെനിയക്കെതിരെയും 2007 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുമാണ് ബ്രറ്റ് ലീ ഹാട്രിക് നേടിയത്.

കമ്മിന്‍സിന് പുറമെ ആദം സാംപ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായപ്പോള്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് കുറഞ്ഞ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.

ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോ 36 പന്തില്‍ 41 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 28 പന്തില്‍ 40 റണ്‍സ് നേടിയ തൗഹിദ് ഹൃദോയിയും നിര്‍ണായകമായ പ്രകടനമാണ് നടത്തിയത്.

രണ്ട് വീതം ഫോറും സിക്‌സുമാണ് താരം അടിച്ചെടുത്തത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ടാന്‍സിദ് ഹസനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്യാപ്റ്റനൊപ്പം ലിട്ടണ്‍ ദാസ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ മധ്യ ഓവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിന് തിരിച്ചടിയായത്.

 

Content Highlight: Pat Cummins Hatric Against Bangladesh in T20 World Cup