കഥ പറയുന്നതിന് മുമ്പ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നാണ് ഹര്‍ഷദിക്ക ചോദിച്ചത്: പാര്‍വതി
Film News
കഥ പറയുന്നതിന് മുമ്പ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നാണ് ഹര്‍ഷദിക്ക ചോദിച്ചത്: പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 3:54 pm

റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന പുഴുവിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇതിന് കാരണങ്ങള്‍ നിരവധിയാണ്. ഒന്നാമതായി മമ്മൂട്ടി ഇതിന് മുമ്പ് അവതരിപ്പിക്കാത്ത രീതിയിലുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നു എന്നതാണ്. രണ്ടാമത് പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നതും.

കാരണം കസബ സിനിമയുമായി പാര്‍വതി നടത്തിയ പരാമര്‍ശം അത്രയധികം വിവാദമായിരുന്നു. കസബയില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെട്ടതിന് എതിരെയായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. കസബയില്‍ താന്‍ എന്താണോ പറയാന്‍ ശ്രമിച്ചത് അത് തെളിയിക്കുന്ന സിനിമയായിരിക്കും പുഴു എന്ന് പറയുകയാണ് പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി പുഴുവിലേക്ക് എത്തിയതിനെ പറ്റി പറഞ്ഞത്.

‘ഹര്‍ഷദിക്ക എന്നെ ഫോണ്‍ വിളിക്കുകയായിരുന്നു. ഹര്‍ഷദിക്കയെ എനിക്ക് പണ്ടേ അറിയാം. പക്ഷേ ആ സമയത്ത് അദ്ദേഹം എനിക്ക് ഉണ്ട എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററായിരുന്നു. മുഴുവന്‍ കഥയും ഇപ്പോള്‍ കേള്‍ക്കണ്ട, സിനോപ്‌സിസ് പോലെ പറയാമോ, ഞാന്‍ ഡേറ്റ് നോക്കീട്ട് പറയാമെന്ന് പറഞ്ഞു.

Is Mammootty's Malayalam thriller Puzhu set for a direct OTT release? |  TechRadar

കഥ പറയുന്നതിന് മുമ്പ് സിനിമയില്‍ അഭിനയിക്കുന്നതില്‍ പാര്‍വതിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് എനിക്കറിയണം, കാരണം മമ്മൂട്ടി ഇതില്‍ അഭിനയിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അതെങ്ങനെ എന്റെ തീരുമാനത്തെ ബാധിക്കും, ആരാണ് കൂടെ അഭിനയിക്കുന്നത് എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു പ്രശ്‌നമേയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന കാര്യമാണ്.

അതിന് ശേഷം കഥ കേട്ടു. രണ്ടാമതൊന്ന് ആലോചിക്കാതെ യെസ് പറഞ്ഞു. എങ്കിലും സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കണമെന്നും പറഞ്ഞു. ഒരു ഫോണ്‍കോളിലൂടെ ഞാന്‍ യെസ് പറഞ്ഞ സിനിമകള്‍ വളരെ കുറവാണ്. കസബയുമായി ബന്ധപ്പെട്ട് ഞാന്‍ എന്താണോ പറയാന്‍ ശ്രമിച്ചത് അത് തെളിയിക്കുന്ന സിനിമയാണ് പുഴു. അതേ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് മറ്റൊരു സന്തോഷം. കഥാപാത്രമെന്ന് നിലയില്‍ പുഴു എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ട്. ഇതുപോലൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ല,’ പാര്‍വതി പറഞ്ഞു.

മെയ് 13ന് സോണി ലിവിലൂടെയാണ് പുഴു റിലീസ് ചെയ്യുന്നത്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് പുഴു നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് ആണ് പുഴുവിന്റെ സഹനിര്‍മാണവും വിതരണവും ചെയ്യുന്നത്. ഷറഫ്, സുഹാസ്, ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. വസ്ത്രാലങ്കാരം സമീറാ സനീഷ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മമ്മൂട്ടി, പാര്‍വതി എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Content Highlight: Parvathy says that the PUZHU will prove what she tried to say in Kasaba