[share]
[]തിരുവന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം പ്രഖ്യപിച്ചിരുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ച പാനൂര്‍ ഏരിയ കമ്മിറ്റിയംഗം കുഞ്ഞനനും പാര്‍ട്ടി അംഗം ട്രൗസര്‍ മനോജിനും റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചീട്ട് നല്‍കി. എന്നാല്‍ വടകര കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.
കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ഐക്യകണ്‌ഠ്യേനയാണ് രാമചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ.എം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ടി.പി വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ലെന്നും മറ്റ് ഘടകങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അന്വേഷണകമ്മീഷന്‍ വ്യക്തമാക്കി.
ടി.പിയുടെ വധത്തിനു പിന്നില്‍ കെ.സി രാമചന്ദ്രന്റെ വ്യക്തി വിദ്വേഷമാണെന്നാണ് അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍. ടി.പി. ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മില്‍ അച്ചടക്കനടപടിക്ക് വിധേയനായതിനെത്തുടര്‍ന്ന് പ്രാദേശികമായി ഇരുവിഭാഗമായി സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇത് ആര്‍.എം.പിക്കാരും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത വളര്‍ന്നുവരികയുണ്ടായെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിയില്‍ ഉപജീവനത്തിനായി രാമചന്ദ്രന്‍ ചെറിയ കരാര്‍ പണികള്‍ ചെയ്തിരുന്നതായും എന്നാല്‍ പണികള്‍ നിരന്തരം ടി.പി മുടക്കിയിരുന്നുവെന്നും ഈ വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നുവെന്നും പി.ബി കമ്മീഷന്‍ വ്യക്തമാക്കി.
സി.പി.ഐ.എം അന്വേഷണ കമ്മീഷനില്‍ ആരൊക്കെയായിരുന്നു അംഗങ്ങളെന്നോ ആരില്‍ നിന്നെല്ലാം തെളിവെടുത്തിരുന്നുവെന്നോ പത്രക്കുറിപ്പില്‍ ഒന്നും പറയുന്നില്ല. സാധാരണഗതിയില്‍ സി.പി.ഐ.എമ്മിന്റെ അന്വേഷണക്കമ്മീഷനില്‍ ആരൊക്കെയായിരുന്നു അംഗങ്ങളെന്ന് വ്യക്തമാക്കാറുണ്ട്.