Film News
ലെറ്റര്‍ബോക്സില്‍ ചരിത്രം സൃഷ്ടിച്ച് ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 02, 11:20 am
Thursday, 2nd November 2023, 4:50 pm

ലെറ്റര്‍ബോക്സിന്റെ ചരിത്രത്തില്‍ മൂന്ന് മില്യണ്‍ വാച്ച്ഡ് ക്ലബ്ബ് സ്വന്തമാക്കിയ ആദ്യത്തെ സിനിമയായി ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റ്.

എന്റര്‍ടെയ്‌മെന്റ് വെബ്‌സൈറ്റായ ഡിസ്‌ക്കസിങ്ങ് ഫിലിമാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ ലെറ്റര്‍ബോക്സില്‍ പാരസൈറ്റ് മൂന്ന് മില്യണ്‍ വാച്ച്ഡ് ക്ലബ്ബ് സ്വന്തമാക്കിയ കാര്യം പുറത്തുവിട്ടത്.

വാച്ച്ലിസ്റ്റുകള്‍, റേറ്റിങ്ങുകള്‍, മൈക്രോ-മൂവി-ബ്ലോഗിങ്ങ് എന്നിവക്കായുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സേവനമാണ് ലെറ്റര്‍ബോക്സ്. ഇതിലെ ഉപയോക്താക്കള്‍ അവര്‍ കണ്ടതും കാണാനാഗ്രഹിക്കുന്നതുമായ സിനിമകള്‍ ലിസ്റ്റ് ചെയ്യുകയും സിനിമകളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും റേറ്റിങ്ങിടുകയുമാണ് ചെയ്യുന്നത്.

പത്ത് മില്യണ്‍ ഉപയോക്താക്കളുള്ള ലെറ്റര്‍ബോക്സില്‍ അത്തരത്തില്‍ മൂന്ന് മില്യണ്‍ ആളുകളാണ് ഇപ്പോള്‍ പാരസൈറ്റിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷമാദ്യം ഒരു മില്യണ്‍ 5 സ്റ്റാര്‍ റേറ്റിങ്ങിലെത്തിയ ലെറ്റര്‍ബോക്സിന്റെ ആദ്യ ചിത്രമായി പാരസൈറ്റ് മാറിയിരുന്നു. ലെറ്റര്‍ബോക്സിന്റെ പതിനൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമ അത്രയും വലിയ നേട്ടം സ്വന്തമാക്കിയിരുന്നത്.


2020ല്‍ ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി മാറിയ ദക്ഷിണ കൊറിയന്‍ ചിത്രമായിരുന്നു പാരസൈറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയിരുന്നത്.

Content Highlight: Parasite Movie Hit Three Million Watched Club In Letterboxd