നിരോധിത സിറപ്പ് ഉപയോഗം; പപ്പു ഗോമസിന് രണ്ട് വര്‍ഷം വിലക്ക്
Football
നിരോധിത സിറപ്പ് ഉപയോഗം; പപ്പു ഗോമസിന് രണ്ട് വര്‍ഷം വിലക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st October 2023, 9:36 am

2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിലെ അംഗമായിരുന്ന പാപ്പു ഗോമസിനെ ഫുട്‌ബോളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കി. നിരോധിത സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരെ നടപടി ഉണ്ടായത്.

ഖത്തര്‍ ലോകകപ്പിന് മുമ്പ് പപ്പു ഗോമസ് നിരോധിച്ച ഉത്തേജകമരുന്ന് ഉപയോഗിച്ചതായി സ്പാനിഷ് പത്രമായ റെലേവോയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖം ബാധിച്ച താരം ഉറക്കം ലഭിക്കാനായി മെഡിക്കല്‍ സ്റ്റാഫുമായി കൂടിയാലോചിക്കാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടികള്‍ക്ക് നല്‍കുന്ന സിറപ്പ് കഴിച്ചതാണ് കാരണമെന്നാണ് ഗോമസിനെ ഉദ്ധരിച്ച് റെലെവോ റിപ്പോര്‍ട്ട് ചെയ്തത്.

അന്ന് തന്നെ ഈ ടെസ്റ്റ് ഫലങ്ങളെ കുറിച്ച് സെവിയ്യയിലെ അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇതിന് താരം നേരിടേണ്ടിവരുന്ന ശിക്ഷ എന്താണെന്ന് ഇപ്പോഴാണ് പുറത്ത് വന്നത്.

അതേസമയം ഇതിനെതിരെ കൃത്യമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചാല്‍ താരത്തിന് വിലക്ക് അസാധുവാക്കാനോ വിലക്കിന്റെ ദൈര്‍ഘ്യം കുറക്കാനോ അപ്പീല്‍ നല്‍കാന്‍ സാധിക്കും.

2014 മുതല്‍ 2021 വരെ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്റക്കൊപ്പമാണ് പപ്പു ഗോമസ് കളിച്ചത്. അറ്റ്‌ലാന്റക്കൊപ്പം 252 മത്സരങ്ങള്‍ കളിച്ച ഗോമസ് 59 ഗോളുകളും  സ്വന്തം പേരിലാക്കിയിട്ടുണ്ട്. തുടര്‍ന്ന് സ്പാനിഷ് ക്ലബ്ബ് സെവിയ്യക്ക് വേണ്ടിയും താരം ബൂട്ട് കെട്ടി.

കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ കിരീടങ്ങള്‍ അര്‍ജന്റിന ഉയര്‍ത്തുമ്പോള്‍ ടീമിലെ അംഗമായിരുന്നു ഗോമസ്. നിലവില്‍ ഇറ്റാലിയന്‍ ടീം മോണ്‍സയില്‍ താരമാണ് പപ്പു ഗോമസ്.

Content Highlight:Pappu Gomes has been banned from football for two years for doping.