കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറെയുള്ള പ്രവൃത്തിയാണെന്ന് ഗസയിലെ സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തെ ഏത് രീതിയില്‍ വിവരിക്കണമെന്ന് തങ്ങള്‍ക്കറിയില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കണ്ടെത്തുന്ന ശരീരാവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഏതാനും ചിലരുടെ തലകള്‍ പൊട്ടിത്തെറിച്ചെന്നും വെള്ളത്തിന്റെ അഭാവം ക്യാമ്പില്‍ പടര്‍ന്ന തീ അണക്കുന്നതിനെ സാരമായി ബാധിച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തകരുടെ പ്രതികരണം. ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ പ്രഭാത പ്രാര്‍ത്ഥന നടത്തുന്ന സമയത്താണ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച ഇസ്രഈല്‍ വിക്ഷേപിച്ച മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്.
അതേസമയം ഹമാസ് കമാന്റ് സെന്ററിലും ആക്രമണം നടത്തിയതായി ഇസ്രഈലി സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൂറിലധികം പേരുടെ മരണത്തിന് കാരണമായ ആക്രമണവും ഇസ്രഈലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
നേരത്തെ അഭയാര്‍ത്ഥി ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന ആരാധനാലയങ്ങളിലേക്കായിരുന്നു ഇസ്രഈല്‍ ബോംബാക്രമണങ്ങളുണ്ടായതെങ്കില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് നേരെയാണ് നടക്കുന്നത് എന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.
Content Highlight: Palestinians were forced to use plastic bags to store the remains of those killed in the Israeli attack