'നിഷ്‌ക്രിയത്വത്തിന്റെ പ്രതീകം', അറബ് ലീഗുമായുള്ള ബന്ധം ഫലസ്തീന്‍ പുനപരിശോധിക്കുന്നു
World News
'നിഷ്‌ക്രിയത്വത്തിന്റെ പ്രതീകം', അറബ് ലീഗുമായുള്ള ബന്ധം ഫലസ്തീന്‍ പുനപരിശോധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 8:27 am

അറബ് ലീഗുമായുള്ള തങ്ങളുടെ ബന്ധം പുനപരിശോധിക്കാനൊരുങ്ങി ഫലസ്തീന്‍. ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി സമാധാന ഉടമ്പടി സാധ്യമാക്കിയതിനു പിന്നാലെയാണ് ഫലസ്തീന്റെ നീക്കം.

അറബ് നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി അറബ് ലീഗ് മാറിയെന്ന് തിങ്കളാഴ്ച നടന്ന പ്രതിവാര മന്ത്രി സഭാ യോഗത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ആരോപിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന അറബ് ലീഗ് കൂടിക്കാഴ്ചയില്‍ യു.എ.ഇ- ഇസ്രഈല്‍ അനുനയത്തെ അപലപിക്കണമെന്ന ഫലസ്തീന്‍ ആവശ്യം നടന്നിരുന്നില്ല.

ഇതിനു പുറമെ ഈ യോഗത്തിനു തൊട്ടു പിന്നാലെ ബഹ്‌റിനും ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി.
ഇതു കൂടി പരിഗണിച്ചാണ് ഫലസ്തീന്റെ നീക്കം.

ഇസ്രഈലുമായി നയതന്ത്ര ബന്ധത്തിലെത്തുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്‌റിന്‍. യു.എ.ഇക്കു പുറമെ ഈജിപ്ത് (1979), ജോര്‍ദാന്‍ (1994) എന്നീ രാജ്യങ്ങളും ഇസ്രഈലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ഇന്നാണ് വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈലുമായി ബഹ്‌റിനും യു.എ.ഇയും നിര്‍ണായക കരാറുകളില്‍ ഒപ്പു വെക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു.എ.ഇ വിദേശ കാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയിദ്, ബഹ്‌റിന്‍ വിദേശ കാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയനി എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ