Kerala News
പാലാരിവട്ടം പാലം അഴിമതി ; ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി വിജിലന്‍സ്; വീട്ടിലില്ല ആശുപത്രിയിലെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 18, 03:37 am
Wednesday, 18th November 2020, 9:07 am

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണ്ണായക നീക്കവുമായി വിജിലന്‍സ്. കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ എത്തി.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിലാണെന്നുമാണ് കുടുംബം വിജിലന്‍സിനോട് പറഞ്ഞത്.

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് വിജിലന്‍സ് കൈമാറിയിട്ടുണ്ട്. നേരത്തെ പാലാരിവട്ടം പാലം പരിശോധന നടത്തിയ ഇ.ശ്രീധരനെ വിജിലന്‍സ് കണ്ടിരുന്നു. കേസില്‍ ശ്രീധരനെ സാക്ഷിയാക്കിയേക്കാനും സാധ്യതയുണ്ട്.

നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Palarivattom bridge scam; Vigilance at Ibrahim Kunju’s house; The family said he is in hospital