Sports News
കളം വിട്ട് പാകിസ്ഥാന്‍ ഇതിഹാസം; വുമണ്‍സ് ക്രിക്കറ്റിന് തീരാ നഷ്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 22, 04:26 am
Friday, 22nd March 2024, 9:56 am

മാര്‍ച്ച് 21ന് പാകിസ്ഥാന്‍ മുന്‍ വനിതാ ക്യാപ്റ്റന്‍ ജാവേരിയ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2023 ഫെബ്രുവരി മുതല്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. 35 കാരിനായ താരം 228 വൈറ്റ് ബോള്‍ ഗെയിമുകളില്‍ കളിച്ചിട്ടുണ്ട്.

വലംകൈയ്യന്‍ ബാറ്റര്‍ 2008ലാണ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത് 116 ഏകദിനങ്ങളും 112 ടി-20 കളും താരം കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലായി 4903 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളും താരത്തിന്‍രെ പക്കലുണ്ട്. നാല് ഏകദിന ലോകകപ്പുകളിലും ടി-20 ലോകകപ്പിന്റെ ഇതുവരെയുള്ള എല്ലാ പതിപ്പുകളിലും ജാവേരിയ കളിച്ചു. കരിയറില്‍ 28 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

‘കാര്യങ്ങള്‍ മാറുന്നു, സ്‌ക്രിപ്റ്റുകള്‍ മാറുന്നു, പുതിയ പാതകള്‍ പ്രതീക്ഷിക്കുന്നു. എല്ലാറ്റിനും ഒരു സമയമുണ്ട്, ഇപ്പോള്‍ ഇത് വിരമിക്കല്‍ പ്രഖ്യാപിക്കാനുമുള്ള ഏറ്റവും നല്ല സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ലീഗ് ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ലഭ്യമാകും. ഞാന്‍ കളിക്കും. ആഗോളതലത്തില്‍ പാകിസ്ഥാന്റെ പതാക പിടിക്കാന്‍ എന്നെ അനുവദിച്ചതിന് പാകിസ്ഥാനോട് എപ്പോഴും നന്ദിയുണ്ട്,’ ജാവേരിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

‘സന്തോഷവും സങ്കടവും ഉണ്ടായിരുന്നു, എന്നാല്‍ എല്ലാറ്റിനുമുപരിയായി 15 വര്‍ഷമായി ടീമിനെ മുന്നോട്ട് നയിച്ചതില്‍ വലിയ അഭിമാനമാണ്. പാകിസ്ഥാന്റെ ജേഴ്സി ധരിക്കാനുള്ള എന്റെ ക്രിക്കറ്റ് യാത്രയില്‍ ഉണ്ടാക്കിയ സാധ്യതകള്‍ വലുതാണ്. ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ചെയ്യുന്നു, അത് തുടരും,’ ജാവേരിയ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, പ്രൊഫഷണലായി കളിക്കാന്‍ തെരഞ്ഞെടുത്ത പാത വളരെ കുറവായിരുന്നു, എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനിലെ നിരവധി പെണ്‍കുട്ടികള്‍ക്കായി വലിയ സാധ്യതകള്‍ തുറന്നിരിക്കുന്നുവെന്നത് എനിക്ക് വലിയ സംതൃപ്തി നല്‍കുന്നു.’ ജാവേരിയ ഖാന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, പി.സി.ബിയുടെ വനിതാ ക്രിക്കറ്റ് മേധാവി ടാനിയ മല്ലിക് താരത്തിന്റെ വിടവാങ്ങലിനെക്കുറിച്ച് സംസാരിച്ചിരുന്നു.

‘പി.സി.ബിക്കും എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും വേണ്ടി, പാകിസ്ഥാനിലെ വനിതാ ക്രിക്കറ്റിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് ജാവേരിയ ഖാനോട് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,’ ടാനിയ മല്ലിക് പറഞ്ഞു.

 

Content Highlight: Pakistan Womens Cricketer Javeria Khan Announces retirement